മുംബയ്: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായിരുന്ന ബാബ സിദ്ധിഖിയുടെ കൊലപാതകത്തിൽ നിർണായക വിവരം പുറത്ത്. കൊലപാതക സമയം വെടിയൊച്ച ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അക്രമികൾ പടക്കം പൊട്ടിച്ചതായാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടന്ന സമയം ദസറ ആഘോഷത്തിന്റെ ഭാഗമായി മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസിന് പുറത്തുനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു സിദ്ധിഖി. ഇതിനിടെ മുഖം മറച്ച മൂന്നുപേർ ബൈക്കിലെത്തി സിദ്ധിഖിയുടെ നേർക്ക് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. 9.9 എംഎം പിസ്റ്റളിൽ നിന്ന് മൂന്നുപ്രാവശ്യമാണ് അക്രമികൾ വെടിയുതിർത്തത്. ഇതിലൊന്ന് നെഞ്ചിൽ തളച്ചുകയറിയതിന് പിന്നാലെ സിദ്ധിഖി ബോധരഹിതനായി നിലത്തുവീണു. പിന്നാലെ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പുറത്ത് നിർത്തിയിട്ടിരുന്ന സിദ്ധിഖിയുടെ വാഹനത്തിലും ഒരു വെടിയുണ്ട പതിച്ചു. കൊലപാതക സ്ഥലത്തുനിന്ന് വെടിയുണ്ടകളുടെ മൂന്ന് അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു.
സിദ്ധിഖി കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിരുന്നു. സിദ്ധിഖിയെ വെടിവച്ചുകൊന്നതിനുപിന്നിൽ അധോലോക നായകൻ ലോറന്‍സ് ബിഷ്‌ണോയ്ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നതും. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർനൈൽ സിംഗ്, ധരംരാജ് കശ്യപ് എന്നിവർ ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ അവർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |