കാണാൻ സുന്ദരൻ, പ്രായം വെറും മുപ്പത്തൊന്ന്. ഇതിനിടെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി തുടങ്ങി ഒരു ഡസനിലധികം ക്രിമിനൽ കേസുകൾ സ്വന്തം പേരിലാക്കി. ലോറൻസ് ബിഷ്‌ണോയ് എന്ന ആ പേരുകേട്ടാൽ പൊലീസ് മാത്രമല്ല, സിനിമാക്കാരും രാഷ്ട്രീയക്കാരുമൊക്കെ ഞെട്ടിവിറയ്ക്കും. കുറച്ചുനാളായി ജയിലിലാണെന്നതൊന്നും ബിഷ്‌ണോയുടെ ശക്തി കുറച്ചിട്ടില്ല. എഴുനൂറിലധികം ഷാർപ്പ് ഷൂട്ടർമാർ ഈ ഗ്യാംഗിൽ ഇപ്പോഴുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരാണ് ജയിലിൽ കഴിയുന്ന ബിഷ്ണോയിയുടെ നിർദ്ദേശം അണുവിട തെറ്റാതെ നടപ്പാക്കുന്നത്. എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവായിരുന്ന ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതും ഈ ഷാർപ്പ് ഷൂട്ടർമാരാണെന്നാണ് കരുതുന്നത്.
എൽഎൽബിക്കാരൻ
നടത്തുന്നത് അധോലോക പ്രവർത്തനങ്ങളാണെങ്കിലും ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തിയാണ് ബിഷ്‌ണോയ്. 1993 ഫെബ്രുവരി 12-ന് പഞ്ചാബിലെ ഫിറോസ്പൂർ ഗ്രാമത്തിലായിരുന്നു ജനനം. ഹരിയാന പൊലീസ് കോൺസ്റ്റബിളായിരുന്നു പിതാവ്. പന്ത്രണ്ടാം ക്ലാസുവരെ അബോഹറിലെ പഠനത്തിനുശേഷം ചണ്ഡീഗഡിലെ ഡിഎവി കോളേജിൽ ചേർന്നു. പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡന്റ് കൗൺസിലിൽ ചേർന്നതോടെയാണ് ബിഷ്ണോയിലെ ക്രിമിനൽ ഉണർന്നത്. ഇവിടെവച്ച് ഗുണ്ടാസംഘാംഗമായ ഗോൾഡി ബ്രാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
ചെറുതിൽ നിന്ന് വലുതിലേക്ക്
ചെറിയ കേസുകളിൽ നിന്ന് വളരെപ്പെട്ടെന്നാണ് കൊടുംക്രിമിനൽ എന്ന ലേബലിലേക്ക് അയാൾ എത്തിയത്. 2010നും 2012നും ഇടയിൽ കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ, ആക്രമണം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബിഷ്ണോയിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെയാണ് പേരെടുത്ത ഗുണ്ടയായി ബിഷ്‌ണോയി ലിസ്റ്റുചെയ്യപ്പെട്ടത്. ഇതിൽ പലതും വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ബിഷ്‌ണോയിയുടെ ഇടപെടൽ മൂലമുണ്ടായതാണ്. ചണ്ഡീഗഢിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത ഏഴ് എഫ്‌ഐആറുകളിൽ നാലെണ്ണത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടു. ശേഷിക്കുന്ന മൂന്ന് കേസുകൾ ഇപ്പോഴും തുടരുകയാണ്.
ജയിലിൽ കിടന്ന കാലത്ത് ബിഷ്‌ണോയി കൊടുംക്രിമിനലുകളുമായി അടുത്ത ബന്ധങ്ങൾ സ്ഥാപിച്ചു. മോചിതനായ ശേഷം ആയുധക്കച്ചവടക്കാരുമായും മറ്റ് പ്രാദേശിക കുറ്റവാളികളുമായും ശക്തമായ ബന്ധം തുടർന്നു.
ആദ്യമെടുത്തത് എതിരാളിയുടെ ജീവൻ
2013ൽ ബിരുദപഠനത്തിന് ശേഷം മുക്ത്സറിലെ ഗവൺമെന്റ് കോളേജിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെയും ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഒരു എതിരാളിയെയും ഇയാൾ വെടിവച്ചു കൊന്നു. 2013 ന് ശേഷം മദ്യക്കച്ചവടത്തിലേക്ക് കടന്നു. ഇതോടെയാണ് കൊന്ന് അറപ്പുതീർന്നവരെ പ്രത്യേകം തന്റെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. 2014ൽ രാജസ്ഥാൻ പൊലീസുമായി നേർക്കുനേർ ഏറ്റുമുട്ടി. പിന്നീട് ജയിലിലായി.
ഇരുമ്പഴിക്കുള്ളിലിരുന്നും കൊലപാതകങ്ങൾ ആസൂത്രം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. ഏതൊക്കെ ജയിലിൽ തടവിൽ കഴിഞ്ഞോ അവിടെയെല്ലാം ജീവനക്കാരുടെ സഹായത്തോടെ തന്നെയായിരുന്നു ബിഷ്‌ണോയിയുടെ അധോലോക പ്രവർത്തനങ്ങൾ. ഇപ്പോൾ തീഹാർ ജയിലിലാണ് തടവിൽ കഴിയുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ടുണ്ട്.
2010ലായിയിരുന്നു ലോറൻസ് ബിഷ്‌ണോയിയുടെ വിവാഹം. ഗുർപ്രീത് കൗർ ആണ് ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കളാണുളളത്. എട്ടുകോടി രൂപയുടെ ആസ്തിയാണ് ബിഷ്‌ണോയിക്കുള്ളത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, ആയുധ മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങിയവയാണ് ഇയാളുടെ പ്രധാന വരുമാന മാർഗങ്ങൾ. പലയിടങ്ങളിലായി സ്വന്തം പേരിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
പഞ്ചാബി ഗായകൻ സിദ്ധു മൂസാവാല, ഖാലിസ്ഥാനി വിഘടനവാദി സുഖ്ദൂൽ സിംഗ് ഗില്ലി, കർണി സേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് തുടങ്ങി നിരവധി പ്രശസ്തരും അപ്രശസ്തരും ബിഷ്ണോയി ഗ്യാംഗിന്റെ തോക്കിനിരയായി.
സൽമാനോട് പൊറുക്കില്ല
ലോറൻസ് ബിഷ്ണോയി എന്ന പേരിൽ ബിഷ്ണോയി സമുദായത്തിന്റെ പേരാണ്. ആചാരങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്ന ഇവരുടെ വിശുദ്ധ മൃഗമാണ് കൃഷ്ണമൃഗം. ഇവയെ വേട്ടയാടിയതാണ് സൽമാൻ ഖാനോട് ലോറൻസ് ബിഷ്ണോയിക്ക് തീർത്താൽ തീരാത്ത പക തോന്നാൻ കാരണം. ഗ്രാമവാസികളാണ് വെറും അഞ്ചുവയസുമാത്രം പ്രായമുള്ള കുഞ്ഞ് ലോറൻസിനോട് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത് പറഞ്ഞുകൊടുത്ത്. അതോടെ തുടങ്ങിയ പക പ്രായം കൂടുന്തോറും കടുക്കുകയായിരുന്നു. അടുത്തിടെ സൽമാന്റെ വസതിക്ക് നേരെ ബിഷ്ണോയി സംഘം വെടിവച്ചിരുന്നു. സൽമാനുമായുള്ള അടുപ്പമാണ് ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതിനും കാരണമെന്നാണ് കരുതുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടുപേരും ബിഷ്ണോയി സംഘത്തിലെ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |