ആലപ്പുഴ: ഓൺലൈൻ വഴി വ്യക്തിഗത വായ്പ തരാമെന്നു പറഞ്ഞ് ആൾമാറാട്ടം നടത്തി അറുപത്തിനാലായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിലായി. ചെന്നൈ തിരുവള്ളൂർ സ്വദേശി ഭരത്കുമാർ മണിവണ്ണൻ (32) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിയായ യുവതിയുടെ പരാതിയിൽ ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഈ കേസിൽ തമിഴ്നാട് സ്വദേശികളായ മുത്തുരാജ്, ക്രിസ്റ്റഫർ, രാമപ്രസാദ് എന്നിവരെ നേരത്തെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ 8.3 കോടിയുടെ കൈമാറ്റമാണ് ചുരുങ്ങിയ ദിവസങ്ങളിൽ നടന്നത്. ലോൺ നൽകുന്ന കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച്, സോഷ്യൽ മീഡിയയിലൂടെ പരസ്യം കണ്ടതിനെ തുടർന്ന് ബന്ധപ്പെടുകയും തുടർന്ന് പരാതിക്കാരിയെ വാട്സ് ആപ്പ് നമ്പറിലൂടെ ആശയവിനിമയം നടത്തി വിശ്വസിപ്പിച്ചാണ് പണം പ്രതിയുടെ അക്കൗണ്ടിലേക്ക് വാങ്ങിയത്. ജില്ലാ പോലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ ഡി.സി.ആർ.ബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജിമോന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ്.പി.ജോർജ്, എസ്.ഐ വി.എസ്.ശരത്ചന്ദ്രൻ, സി.പി.ഒമാരായ റികാസ്.കെ, ജേക്കബ് സേവ്യർ, സുമേഷ് എന്നിവർ ചെന്നൈയിലെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |