തിരുവനന്തപുരം: എ.സി കോച്ചിൽ ഓടിക്കയറാൻ ശ്രമിച്ചതിന് ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണനാണ് (25) മരിച്ചത്. കണ്ണൂർ സ്വദേശി അനിൽകുമാറി(49)നെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 11.30ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മംഗളൂരു- കൊച്ചുവേളി ട്രെയിനിൽ നിന്നാണ് ശരവണൻ വീണത്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തപ്പോഴായിരുന്നു സംഭവം. അപകടവിവരം കേരളകൗമുദി ഓൺലൈനിലൂടെയാണ് പുറത്തുവന്നത്.
ശരവണനെ ട്രെയിനിൽ നിന്ന് തള്ളിയിടുന്നത് കണ്ടെന്ന ഒരു സ്ത്രീ മൊഴി നൽകിയതോടെയാണ് അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിൽ ബെഡുകൾ ഒരുക്കിക്കൊടുക്കുന്ന കരാർ ജോലിക്കാരനാണ് അനിൽകുമാർ. കാഞ്ചീപുരം സ്വദേശി ശരവണൻ മാഹിയിലെ ബന്ധുവീട്ടിൽ പോയിവരുന്ന വഴിയായിരുന്നു. ലോക്കൽ ടിക്കറ്റെടുത്ത ശരവണൻ എ.സി കമ്പാർട്ട്മെന്റിൽ മാറിക്കയറിയത് ചോദ്യംചെയ്തതാണ് ഇരുവരും തമ്മിലെ പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് വിവരം. ഡോറിലിരുന്ന ശരവണനുമായി അനിൽകുമാർ തർക്കത്തിലേർപ്പെടുകയും ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നെന്നുമാണ് മൊഴി. ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ഈ സമയം പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്.
യുവാവ് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരന് ഇത്തരത്തില്‍ പെരുമാറിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടം സംഭവിച്ച് ഏറെ നേരം യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നല്‍കാനോ റെയില്‍വേ അധികൃതര്‍ തയ്യാറായില്ല.ഇതേത്തുടര്‍ന്ന് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്ഫോമില്‍ കിടത്തിയതിന് ശേഷമാണ് മീറ്ററുകള്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |