തിരുവനന്തപുരം: തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും , സ്വർണക്കടത്തുമായി ബന്ധപ്പെട്ട് താൻ പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുതെന്നും കാട്ടി ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി.
ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണം തേടിയ ഗവർണർക്ക് രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ വാക്കുകളിലുള്ള പ്രതിഷേധവും കത്തിൽ അറിയിച്ചു.
രാജ്യ വിരുദ്ധശക്തികൾ ഇത്തരം സാഹചര്യങ്ങൾ മുതലെടുക്കുന്നതിനെക്കുറിച്ചാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തിനെതിരെ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടിയിരുന്നതിനാലാണ് മറുപടി നൽകാൻ വൈകിയത്.
പൊലീസിന്റെ വെബ് സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറഞ്ഞത്. രാജ്യ വിരുദ്ധ ശക്തികൾ സ്വർണക്കടത്ത് പണം ഉപയോഗിക്കുന്നതായി പൊലീസിന്റെ ഔദ്യോഗിക സൈറ്റിൽ ഇല്ല. സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു, നികുതി വരുമാനം കുറയുന്നതിന് കാരണമാവുന്നു എന്ന അർത്ഥത്തിലാണ് ദേശവിരുദ്ധമെന്ന് പറഞ്ഞത്. ഇക്കാര്യം പൊലീസ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിക്കരുത്.
ഗവർണറുടെ അധികാര പരിധിയെക്കുറിച്ചും കത്തിൽ ഓർമപ്പെടുത്തലുണ്ട്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ രീതി പൊതു സമൂഹം അംഗീകരിക്കില്ല.എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാനുള്ള ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണ് വിശദീകരണം നൽകാത്തതെന്നുമായിരുന്നു ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശം.
ഗവർണർ- സർക്കാർ
പോര് നാടകം:
വി.ഡി.സതീശൻ
തൃശൂർ: സർക്കാർ പ്രതിസന്ധിയിലാകുമ്പോഴൊക്കെ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ പോരാണെന്ന് പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റ് വിഷയങ്ങളൊക്കെ മാറ്റി ഇതുതന്നെ ചർച്ചയാക്കും. ഒരാഴ്ച കഴിയുമ്പോൾ അവർ ഒത്തുതീർക്കും. നിയമസഭ കൂടാൻ തീരുമാനിച്ച് ഗവർണർ അംഗീകാരം നൽകിയാൽ ഓർഡിനൻസ് ഇറക്കാൻ പാടില്ല. എന്നാൽ സർക്കാർ ഇറക്കി. അതിൽ ഗവർണർ ഒപ്പുവച്ചു. നിയമവിരുദ്ധമായ കാര്യങ്ങൾ നടത്താൻ ഇവർ ഒത്തുകൂടും. ഇവർ തമ്മിൽ എത്ര തവണ പോര് നടന്നു. ഇത് നാടകമാണ്. ഒരാഴ്ച നീണ്ടുനിൽക്കും. ചിലപ്പോൾ തിരഞ്ഞെടുപ്പ് കഴിയുംവരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |