പത്തനംതിട്ട: എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കി ശബരിമല തീർത്ഥാടനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരത്തിൽ 16ന് രാവിലെ മുതൽ ഉച്ചവരെ പ്രാർത്ഥനായജ്ഞം നടത്താൻ കൊട്ടരം നിർവാഹ സംഘം തീരുമാനിച്ചു. എല്ലാ ഹൈന്ദവ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ 26ന് വിപുലമായ യോഗം വിളിച്ച് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യും.
ദിവസവും പരമാവധി എൺപതിനായിരം ഭക്തരെമാത്രമേ ദർശനത്തിന് അനുവദിക്കൂയെന്ന നിബന്ധന പാലിച്ചാവും അക്ഷയകേന്ദ്രങ്ങളിലും ബുക്കിംഗ്. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിദ്ധരിപ്പിക്കുന്നത് തിരിച്ചറിയണം.
മന്ത്രി വി.എൻ.വാസവൻ, ദേവസ്വം വകുപ്പുമന്ത്രി
ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ഭക്തർ മല കയറും.
കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
തീർത്ഥാടകർക്ക് ദർശനം നിഷേധിച്ച് ശബരിമലയെ സംഘർഷ ഭൂമിയാക്കരുത്.
ഇ.എസ്. ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ്
ശബരിമലയിൽ ബോധപൂർവം
പ്രശ്നമുണ്ടാക്കുന്നു: കെ.പി.സി.സി
കൊച്ചി: ശബരിമലയിൽ ഭക്തരെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് കൊച്ചിയിൽ നടന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി, ഭാരവാഹി യോഗം വിലയിരുത്തി.
തീർത്ഥാടന കാലത്ത് സർക്കാർ മന:പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം അതിന്റെ ഭാഗമാണ്. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് അന്യസംസ്ഥാന തീർത്ഥാടകരെ ഉൾപ്പെടെ കാര്യമായി ബാധിക്കും. മണ്ഡല മകരവിളക്ക് മഹോത്സവം അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിത്..കേരളത്തിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് സി.പി.എം - ബി.ജെ.പി അന്തർധാര കൂടുതൽ സജീവമാക്കുകയാണ്. തൃശൂർ പൂരം കലക്കാൻ ഇതേ സഖ്യമാണ് പ്രവർത്തിച്ചത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസിൽ ചേരാനും തീരുമാനിച്ചു.
സംഘടനാ റിപ്പോർട്ട് കെ.പി.സി.സി സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി എം. ലിജു അവതരിപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എം.പി, ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹനൻ, അറിവഴകൻ, മൻസൂർ അലിഖാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.എൻ. പ്രതാപൻ, ടി. സിദ്ധിഖ്, കെ.പി.സി.സി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |