വാഷിംഗ്ടൺ: ആരോഗ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമ്പൂർണ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാൻ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് എതിരാളി കമലാ ഹാരിസ്. നവംബർ 5ന് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലയുടെ വെല്ലുവിളി. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് കമല കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പ്രസിഡന്റിന്റെ ജോലി നിർവഹിക്കാൻ 59കാരിയായ കമല ആരോഗ്യപരമായും മാനസികമായും പൂർണ യോഗ്യയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 78കാരനായ ട്രംപ് പറയുന്ന കാര്യങ്ങൾ സുതാര്യമല്ലെന്നും മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാത്തത് അതിന് ഉദാഹരണമാണെന്നും കമല ആരോപിച്ചു. അതേസമയം, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപ് പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ ടീം പ്രതികരിച്ചു. മെഡിക്കൽ റിപ്പോർട്ട് പുറത്തുവിടാതെ ഡോക്ടറെ ഉദ്ധരിച്ചായിരുന്നു പ്രതികരണം. കമലയ്ക്ക് അമേരിക്കയെ നയിക്കാനുള്ള ശക്തിയില്ലെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |