ടെൽ അവീവ്: വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ 52 പേർ കൊല്ലപ്പെട്ടു. 128 പേർക്ക് പരിക്കേറ്റു. വടക്കൻ ഗാസയിൽ ഒമ്പത് ദിവസത്തിനിടെ 300 പേർ കൊല്ലപ്പെട്ടു. ഡ്രോൺ ആക്രമണം ശക്തമായതോടെ പുറത്തിറങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ജനങ്ങൾ അഭയാർത്ഥി ക്യാമ്പുകളിൽ കുടുങ്ങി. ഇവിടേക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ല. ജബലിയ അഭയാർത്ഥി ക്യാമ്പ് വളഞ്ഞ ഇസ്രയേൽ സൈന്യം ജനങ്ങളോട് ഒഴിയാൻ നിർദ്ദേശിച്ചു. ഹമാസ് ഇവിടെ വീണ്ടും സാന്നിദ്ധ്യമുറപ്പിക്കുന്നെന്ന് കാട്ടിയാണ് ഇസ്രയേലിന്റെ നീക്കം. ഗാസയിലെ ആകെ മരണം 42,220 കടന്നു. അതിനിടെ, കരയാക്രമണം രൂക്ഷമായ തെക്കൻ ലെബനനിൽ നിന്ന് യു.എൻ സമാധാന സേനാംഗങ്ങളെ (യുണിഫിൽ) ഉടൻ പിൻവലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസിനോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. ഹിസ്ബുള്ള യു.എൻ സേനയെ മാനുഷിക കവചമായി ഉപയോഗിക്കുന്നെന്ന് നെതന്യാഹു ആരോപിച്ചു. ഇതിനിടെ, ഇസ്രയേൽ ടാങ്കുകൾ ലെബനൻ അതിർത്തിയിലെ ബ്ളൂലൈനിൽ യു.എൻ സേനയുടെ ബേസിലെ പ്രധാന ഗേറ്റ് തകർത്തു കയറി. സേന പ്രതിഷേധം അറിയച്ചതോടെ ടാങ്കുകൾ പുറത്തുകടന്നു.
വ്യാഴാഴ്ച മുതൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പുകളിൽ അഞ്ച് യു.എൻ സേനാംഗങ്ങൾക്ക് ഇതുവരെ പരിക്കേറ്റു. സംഭവത്തിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു. യു.എൻ സേനാംഗങ്ങൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി പ്രതികരിച്ചു.
ലെബനനിൽ 15 മരണം
തെക്കൻ ലെബനനിൽ കൂടുതൽ ഇടങ്ങിലേക്ക് ആക്രമണം ശക്തമാക്കി ഇസ്രയേൽ. 21 ഗ്രാമങ്ങളിലെ ജനങ്ങൾക്ക് കൂടി ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി. മൂന്നിടങ്ങളിലായി 15 പേർ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. സഹാജ്ര ഗ്രാമത്തിന് സമീപം നൂറ് വർഷം പഴക്കമുള്ള പള്ളി തകർന്നു. 22 മണിക്കൂറിനിടെ 200 ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു. ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കിയ 115 ഹിസ്ബുള്ള റോക്കറ്റുകളും തകർത്തു.
വിമാനങ്ങളിൽ പേജറുകൾ വിലക്കി ഇറാൻ
വിമാനങ്ങളിൽ പേജറുകളും വാക്കി ടോക്കികളും നിരോധിച്ച് ഇറാൻ. കഴിഞ്ഞ മാസം ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടപ്പാക്കിയ പേജർ, വാക്കി ടോക്കി സ്ഫോടനങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബർ 1ന് ഇസ്രയേലിന് നേരെ തങ്ങൾ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ഏത് നിമിഷവും ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |