തിരുവനന്തപുരം: കേരളത്തെ വിറപ്പിച്ച് ആഞ്ഞുപെയ്യുന്ന പേമാരിയുടെ ശക്തി കുറയുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്കൻ കേരളത്തിൽ ശനിയാഴ്ച മുതൽ മഴയുടെ ശക്തി കാര്യമായി കുറയും. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. കേരളത്തിൽ ഒരിടത്തും അതിശക്തമായ മഴയുണ്ടാകില്ല. എന്നാൽ പ്രളയ സാഹചര്യം മുന്നിൽ നിൽക്കുന്നതിനാൽ സർക്കാർ പുറപ്പെടുവിക്കുന്ന അലർട്ടുകൾ പാലിക്കണമെന്നും ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ.എം.മഹാപത്ര വ്യക്തമാക്കി. അതേസമയം, കേരളത്തിൽ ഏഴ് ജില്ലകളിൽ ഇന്നും റെഡ് അലർട്ട് തുടരും.
പാലക്കാട് ആലത്തൂരിൽ 40 സെന്റീമീറ്ററോളം അതിതീവ്ര മഴ ലഭിച്ചത് റെക്കാഡാണ്. ഒഡീഷ തീരത്ത് രൂപപ്പെടുന്ന ന്യൂനമർദം കരയിലേക്കു കയറി പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങമ്പോൾ കേരളത്തിൽ മഴ ശക്തിപ്പെടുന്നത് പതിവാണ്. 12 ന് ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദം രൂപപ്പെടുന്നുണ്ട്. ഇത് പശ്ചിമ തീരത്തും മഴയ്ക്കു കാരണമാകും. കേരളത്തിലും മഴ ലഭിക്കും. എന്നാൽ ഇത് തീവ്രമാകാൻ സാധ്യത കുറവാണ്. ഈ ന്യൂനമർദം അതീവ ന്യൂനമർദമാകില്ലെന്നാണു നിഗമനം. തന്നെയുമല്ല, ഇത് വടക്കോട്ടു നീങ്ങി ബംഗാളിലാവും മഴയെത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ പ്രളയ സാധ്യത ഇപ്പോഴില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് സംസ്ഥാനം 25 ശതമാനത്തോളം അധിക മഴയിൽ കുതിർന്ന് നിൽക്കുമ്പോഴാണ് 15ന് കനത്ത മഴ എത്തിയത്. ഇതാണ് സ്ഥിതി വഷളാക്കിയത്. എന്നാൽ ഇത്തവണ സംസ്ഥാനത്ത് 14 ശതമാനം മഴ കുറവാണെന്നതിനാൽ പ്രളയ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴ് ജില്ലകളിൽ റെഡ് അലർട്ട്
അറബിക്കടലിൽ കേരള തീരത്തുണ്ടായ ശക്തമായ മഴമേഘക്കാറ്റിന്റെ ഫലമായി വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴ ഇന്നുകൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, ആലപ്പുഴ, കാസർകോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ജലംനിറഞ്ഞ കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് 100 മുതൽ 150 എം.എം. വരെ കനത്ത മഴയുണ്ടാകും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ദുർബലമായിരിക്കും.
കേരള തീരത്ത് തെക്കുനിന്ന് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ 3.2 മീറ്റർ മുതൽ 3.7 വരെ ഉയർന്നേക്കും. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുത്.മഴയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
വയനാട്ടിൽ അതീവ ജാഗ്രത, മരണം 43
അതേസമയം, ഇപ്പോഴും മഴ ശക്തമായി പെയ്യുന്ന വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾ പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ആളുകളെ പുറത്തെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്ക് ഇവിടങ്ങളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് മഴക്കെടുതിയിൽ പെട്ട് ഇതുവരെ 43 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ.