റിയാദ്: ജനങ്ങൾക്ക് പ്രത്യേക നിർദേശം നൽകി സൗദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എസ്എഫ്ഡിഎ). ഗർഭിണികൾ അമിതമായി ഉലുവ അടങ്ങിയിരിക്കുന്ന ടോണിക്കും മറ്റും ഒഴിവാക്കണമെന്ന് അറിയിച്ചിരിക്കുകയാണ് എസ്എഫ്ഡിഎ. ഇക്കൂട്ടർ ദിവസവും അഞ്ച് മുതൽ പത്ത് ഗ്രാം വരെ മാത്രമേ ഉലുവ കഴിക്കാവൂവെന്നും മുന്നറിയിപ്പുണ്ട്.
ഉയർന്ന പോഷകഗുണങ്ങളുള്ള ഒന്നാണ് ഉലുവ. വിശപ്പ് കൂട്ടാനും ദഹനത്തെ സഹായിക്കുന്നതിനും ഇത് വളരെ നല്ലതാണ്. പ്രസവശേഷം സ്ത്രീകളിൽ മുലപ്പാൽ വർദ്ധിപ്പിക്കാനും ഉലുവ സഹായിക്കുന്നു. എന്നാൽ ഗർഭിണികൾ ഉലുവ വലിയ അളവിൽ കഴിക്കുന്നത് നല്ലതല്ലെന്നാണ് റിപ്പോർട്ട്. പ്രമേഹ മരുന്നുകൾ, രക്തം കട്ടിയാക്കുന്ന മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുമായി ഉലുവ പ്രതിപ്രവർത്തനം നടത്താൻ സാദ്ധ്യയുണ്ടെന്നും ഇത് ദോഷമാണെന്നും വിദഗ്ധർ പറയുന്നു.
കൂടാതെ ചെറുപയർ, നിലക്കടല തുടങ്ങിയ പയർവർഗങ്ങൾ അലർജിയുള്ളവർക്ക് ഉലുവ അലർജി ഉണ്ടാക്കാം. അമിത ഉപയോഗം രക്തസ്രാവം വർദ്ധിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുൻപ് ഉലുവ ഒഴിവാക്കണമെന്നും എസ്എഫ്ഡിഎ പറയുന്നു. ഉലുവ അമിതമായി കഴിക്കുന്നത് വയറുവേദന, ഗ്യാസ്, ഛർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഉലുവ കഴിക്കുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുമായി ചർച്ച നടത്തുന്നത് നല്ലതായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ എസ്എഫ്ഡിഎ അവരുടെ ഔദ്യോഗിക വെബ്സെെറ്റിൽ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |