തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകളിൽ പണി ഇനിയും ബാക്കി. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഏറ്റെടുത്ത 12സ്മാർട്ട് റോഡുകളിൽ എട്ടെണ്ണത്തിന്റെ അറ്റകുറ്റപ്പണിയാണ് പുരോഗമിക്കുന്നത്. ഇതിൽ വാട്ടർ അതോറിട്ടി ലൈനുകളുടെ കൂട്ടിയോജിപ്പിക്കൽ (ഇന്റർക്കണക്ഷൻ) പൂർത്തിയാക്കേണ്ടവയും ശേഷിക്കുന്നു. എല്ലാ പണിയും കഴിഞ്ഞാൽ രണ്ടാംവട്ട ടാറിംഗും നടത്തും. 4 റോഡുകളിൽ പണി പൂർത്തിയായി രണ്ടാംവട്ട ടാറിംഗും കഴിഞ്ഞു. പണി പുരോഗമിക്കുന്ന 8ൽ ഉൾപ്പെട്ട ആൽത്തറ-ചെന്തിട്ട റോഡിൽ വഴുതക്കാട് ജംഗ്ഷനിലും നോർക്ക ഗാന്ധിഭവൻ റോഡിലുമുള്ള കൂറ്റൻ കുഴികളടയ്ക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പണികഴിഞ്ഞ റോഡുകളിലുള്ള ലൈനുകൾ വാട്ടർ അതോറിട്ടി ലൈനുമായി കൂട്ടിയോജിപ്പിക്കണം. ജലവിതരണം നിറുത്തിവച്ച ശേഷമേ ഇത് ബന്ധിപ്പിക്കാനാകൂ. ഒരുദിവസം ജലവിതരണം നിറുത്തിവച്ചാൽ ഈ പണികൾ പൂർത്തിയാക്കാമെന്നാണ് കെ.ആർ.എഫ്.ബിയുടെ വാഗ്ദാനം. എന്നാൽ സമീപകാലത്ത് അറ്റകുറ്റപ്പണികൾക്കായി ജലവിതരണം നിറുത്തിവച്ചെങ്കിലും യഥാസമയം പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നതോടെ വാട്ടർഅതോറിട്ടി പ്രതിസന്ധിയിലായിരുന്നു. അതിനാൽ ജലവിതരണം നിറുത്തിവയ്ക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് വിവരം. അതേസമയം അട്ടക്കുളങ്ങര - കിള്ളിപ്പാലം, സ്റ്റാച്യു-ജനറൽആശുപത്രി, ഉപ്പിടാമൂട്- ഓവർബ്രിഡ്ജ്,തൈക്കാട് ഹൗസ് -കീഴേ തമ്പാനൂർ, ഓവർബ്രിഡ്ജ് -
എസ്.എൽ.തിയേറ്റർ റോഡുകളിൽ പഴയ പോസ്റ്റുകൾ മാറ്റുന്നതും നടപ്പാത നിർമ്മാണവുമാണ് പുരോഗമിക്കുന്നത്. കൂടാതെ ഈ റോഡുകളിലെ വെള്ളം ഓടയിലേക്കിറക്കാൻ ഇടയ്ക്കിടെ ചെറിയ കുഴികൾ ക്രമീകരിക്കുന്ന പണികളും പുരോഗമിക്കുകയാണ്. ഇതെല്ലാം പൂർത്തിയാക്കി അടുത്തമാസം പകുതിയോടെ രണ്ടാം ടാറിംഗ് നടത്താനാണ് കെ.ആർ.എഫ്.ബിയുടെ ശ്രമം.
വെള്ളയമ്പലം-ആൽത്തറ കൂട്ടിച്ചേർത്തത്
നിലവിൽ നഗരത്തിൽ റോഡടച്ച് പണി പുരോഗമിക്കുന്നത് വെള്ളയമ്പലം മുതൽ ആൽത്തറ ജംഗ്ഷൻ വരെയാണ്. ഇത് സ്മാർട്ട് റോഡിന്റെ പട്ടികയിലുണ്ടായിരുന്നില്ല. മാനവീയം വീഥി മുതൽ ആൽത്തറ വരെയും ആൽത്തറ മുതൽ ചെന്തിട്ടവരെയുമായിരുന്നു സ്മാർട്ട് റോഡ്. വെള്ളയമ്പലം മുതൽ ആൽത്തറ വരെയുള്ള 300മീറ്റർ ഒഴിഞ്ഞുകിടന്നപ്പോൾ ഒടുവിൽ അത് കൂട്ടിച്ചേർക്കുകയായിരുന്നു. കേബിളുകൾ റോഡിനടിയിലൂടെ സ്ഥാപിക്കുന്ന ജോലികളാണ് ഇവിടെ പുരോഗമിക്കുന്നത്.
നിർമ്മാണം പൂർത്തിയായ റോഡുകൾ
മാനവീയം വീഥി
കലാഭവൻമണി റോഡ്
അയ്യങ്കാളി ഹാൾ - ഫ്ലൈഓവർ റോഡ്
സ്‌പെൻസർ ജംഗ്ഷൻ - എ.കെ.ജി സെന്റർ റോഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |