തിരുവനന്തപുരം:നിയമസഭാ സമ്മേളനം ചേരുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ടാക്‌സേഷൻ ലാസ് (അമെന്റ്‌മെന്റ്) ഓർഡിനൻസ് കൊണ്ടുവന്നത് സഭയുടെ കീഴ് വഴക്കത്തിനും സ്പീക്കറുടെ റൂളിംഗിനും വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു.
ജി.എസ്.ടി.കൗൺസിലിന്റെ ശുപാർശയെ തുടർന്ന് 2024ലെ പൊതു തിരഞ്ഞെടുപ്പിനു മുമ്പും അതിനുശേഷവുമായി കേന്ദ്രസർക്കാർ രണ്ട് ധനകാര്യ നിയമഭേദഗതികൾ കൊണ്ടുവന്നു. സംസ്ഥാനവും തുടർനടപടി സ്വീകരിക്കാൻ കേന്ദ്ര പരോക്ഷ നികുതി ബോർഡ് നിർദ്ദേശിച്ചിരുന്നു. അതിനുള്ള ഭേദഗതി ബിൽ വരുന്നസമ്മേളനത്തിൽ അവതരിപ്പിക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്.എന്നാൽ ഈ ഭേദഗതികൾ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തണം.ശിക്ഷാ വ്യവസ്ഥയുള്ള നിയമമായതിനാൽ മുൻകാല പ്രാബല്യം നൽകിക്കൊണ്ട് നിയമമുണ്ടാക്കാൻ കഴിയില്ല. അത്തരമൊരു നിയമം ഭരണഘടനവിരുദ്ധമാണ്.നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സമയ പരിമിതിയുമുണ്ട്.ഈ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സഭയിൽ അറിയിച്ചു.
സഭ സമ്മേളിക്കാൻ നോട്ടീസ് നൽകുകയോ തീയതി തീരുമാനിക്കുകയോ ചെയ്തശേഷം ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത് അനുചിതമാണ്. എന്നാൽ അത്യാവശ്യഘട്ടത്തിൽ ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നതിൽ അപാകതയില്ലെന്ന് റൂളിംഗ് നൽകിയ
കീഴ് വക്കമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ഭാവിയിൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ചു കഴിഞ്ഞാൽ തൊട്ടടുത്തു ചേരുന്ന സഭാ സമ്മേളനത്തിൽത്തന്നെ പകരം നിയമം പാസ്സാക്കാൻ ശ്രദ്ധിക്കണമെന്ന് ചെയർ റൂൾ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |