തിരുവനന്തപുരം: ഷിരൂർ ദൗത്യത്തിൽ മലയാളിയായ അർജുന് വേണ്ടി ജീവൻ പണയംവച്ചും ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിയ ഈശ്വർമാൽപയ്‌ക്ക് താങ്ങായി കേരളത്തിലെ പ്രശസ്‌തമായ ആയുർവേദ ചികിത്സാ കേന്ദ്രം പുലാമന്തോൾ ഗ്രൂപ്പ്. മാൽപെയുടെ സെറിബ്രൽ പാൾസി ബാധിതരായ രണ്ട് മക്കളുടെയും ചികിത്സ പുലാമന്തോൾ ആശുപത്രിയിൽ നടക്കും. ഇതിനായി ഇന്ന് വൈകിട്ടോ നാളെ രാവിലെയോ മാൽപേയും കുടുംബവും എത്തും. ചികിത്സയ്‌ക്കൊപ്പം കുട്ടികളുടെ താമസവും ഭക്ഷണവും പുലാമന്തോൾ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
മുങ്ങൽ വിദഗ്‌ദ്ധൻ ഈശ്വർ മാൽപേയുടെ മക്കൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ തയ്യാറാണെന്ന് അറിയിച്ച് രണ്ടുദിവസം മുമ്പ് പുലാമന്തോൾ ആശുപത്രി അധികൃതർ കേരളകൗമുദി ഓൺലൈനിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഞങ്ങൾ ഈശ്വർ മാൽപെയെ വിവരം അറിയിച്ചു. ദൈവാനുഗ്രഹം കൊണ്ടാണ് ഇത്തരത്തിൽ ഒരു സഹായഹസ്തം ലഭിച്ചതെന്നായിരുന്നു മാൽപെയുടെ പ്രതികരണം. ലോറി ഉടമയായ മനാഫും മാൽപെയ്‌ക്കൊപ്പം ഉണ്ടാകും.
23 വയസുകാരനായ മകനും ഏഴ് വയസുകാരിയായ മകൾക്കുമാണ് ചികിത്സ ലഭ്യമാക്കേണ്ടത്. രണ്ട് പേർക്കും അച്ഛന്റെയും അമ്മയുടെയും സഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയില്ല. ഭിന്നശേഷി ബാധിച്ച 23കാരനായ മകൻ പൂർണമായും കിടപ്പിലായ അവസ്ഥയിലാണ്. മകൾക്ക് കുറച്ചു ദൂരമൊക്കെ പിടിച്ചു നടക്കാൻ സാധിക്കും. അച്ഛനേയും അമ്മയേയും മാത്രമാണ് അവർക്ക് തിരിച്ചറിയാൻ സാധിക്കുന്നത്. കുട്ടികളുടെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും മാൽപെ പറഞ്ഞു. ഇതേ അവസ്ഥയിലുള്ള മറ്റൊരു മകനും മാൽപേയ്‌ക്ക് ഉണ്ടായിരുന്നു. രണ്ട് വർഷം മുൻപ് 23ാം വയസിൽ ഈ മകൻ മരണപ്പെട്ടു.
കേരളത്തിലെ അഷ്‌ടവൈദ്യ പരമ്പരയിലെ പ്രഗത്ഭരായ പുലാമന്തോൾ മൂസ്സിന്റെ തനത് പദ്ധതിയായ തണലിൽ ഉൾപ്പെടുത്തിയാണ് മാൽപേയുടെ മക്കൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നതെന്ന് ട്രസ്‌റ്റ് മെമ്പർ ഡോ. ശ്രീരാമൻ പറഞ്ഞു. ഡോ. ആര്യന്റെ നേതൃത്വത്തിൽ ഡോ. റോഷ്‌നി, ഡോ. ശ്രീരാമൻ, ഡോ. ജയശങ്കരൻ എന്നിവരടങ്ങിയ വിദഗ്‌ദ്ധ പാനലാണ് കുട്ടികളെ ചികിത്സിക്കുക. ആദ്യഘട്ടമെന്ന നിലയിൽ വീഡയോ കോൺഫറൻസിലൂടെ കുട്ടികളുടെ നിലവിലെ അവസ്ഥ മനസിലാക്കിയിരുന്നു. നേരിട്ടു കണ്ട് പരിശോധിച്ചതിന് ശേഷം ചികിത്സാ വിധി നിർണയിക്കും. സെറിബ്രൽ പാൾസി ബാധിച്ച നിരവധി പേരെ തങ്ങളുടെ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിച്ചതായും ഡോ. ശ്രീരാമൻ പറഞ്ഞു.
തണൽ പദ്ധതി
പുലാമന്തോൾ മൂസ്സ് ആയുർവേദയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ചികിത്സ പൂർണമായും സൗജന്യമായി ഈ പദ്ധതിയിൽ നടത്തി വരുന്നു. സ്ഥാപനത്തിന്റെ ലാഭത്തിൽ നിന്നുള്ള വിഹിതമാണ് ഇതിനായി മാറ്റിവയ‌്ക്കുന്നത്. വിദഗ്‌ദ്ധരായ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്‌ചയും സൗജന്യ ഒപിയും ചികിത്സയും തണൽ പദ്ധതിയിൽ ലഭ്യമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |