ന്യൂസിലാൻഡിന് എതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ കൈവിട്ടത് 8 ക്യാച്ചുകൾ
ദുബായ് : ഐ.സി.സി വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിയിലെത്താൻ എന്തെങ്കിലും സാദ്ധ്യത തെളിയണമായിരുന്നെങ്കിൽ കഴിഞ്ഞ രാത്രി ന്യൂസിലാൻഡിനെ പാകിസ്ഥാൻ തോൽപ്പിക്കണമായിരുന്നു. എന്നാൽ 111 റൺസ് മാത്രം വിജയ ലക്ഷ്യമായുണ്ടായിട്ടും 54 റൺസിന് തോറ്റ പാകിസ്ഥാൻ ഇന്ത്യയെക്കൂടി പുറത്താക്കി.ഈ മത്സരത്തിൽ എട്ട് ക്യാച്ചുകളാണ് പാകിസ്ഥാൻ താരങ്ങൾ കൈവിട്ടത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 110/6 എന്ന സ്കോറാണ് നേടിയത്. കിവീസ് താരങ്ങൾ നൽകിയ ഈസി ക്യാച്ചുകൾ പാക് താരങ്ങൾ കൈയിലൊതുക്കിയിരുന്നെങ്കിൽ കിവീസ് ടീം 100നടുത്തെത്തില്ലായിരുന്നു. അവസാന ഓവറിൽ മാത്രം മൂന്ന് ക്യാച്ചുകൾ പാക് താരങ്ങൾ കൈവിട്ടുകളഞ്ഞു. അതിനൊപ്പം ഫീൽഡിംഗിലെ പിഴവുകൾ കൂടിയായപ്പോഴാണ് കിവീസിന് പിടിച്ചുനിൽക്കാനുള്ള സ്കോറിൽ എത്തിയത്.മറുപടിക്കിറങ്ങിയ പാകിസ്ഥാനാകട്ടെ 11.4 ഓവറിൽ വെറും 56 റൺസിന് ആൾഔട്ടാവുകയും ചെയ്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അമേലിയ കെറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഈദൻ കാഴ്സണും ചേർന്നാണ് പാകിസ്ഥാനെ തകർത്തത്. മികച്ച ഫീൽഡിംഗ് നടത്തിയ കിവീസ് താരങ്ങൾ രണ്ടുപേരെ റൺഔട്ടാക്കുകയും ചെയ്തു.
ഇന്ത്യ പുറത്തായത് ഇങ്ങനെ
ആദ്യ മത്സരത്തിൽ കിവീസിനോട് 58 റൺസിന് തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രണ്ടാം മത്സരത്തിൽ
പാകിസ്ഥാനെ ആറുവിക്കറ്റിനും അടുത്ത മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനും തോൽപ്പിച്ചതോടെ നാലുപോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു.
എന്നാൽ അവസാനമത്സരത്തിൽ ഓസ്ട്രേലിയയോട് 9 റൺസിന് തോറ്റതോടെ റൺറേറ്റ് അടിസ്ഥാനത്തിൽ സെമിയി ലെത്തണമെങ്കിൽ കിവീസിന് എതിരായ മത്സരം പാകിസ്ഥാൻ നേരിയമാർജിനിൽ ജയിക്കണം എന്ന സ്ഥിതിയായി.
പക്ഷേ പാകിസ്ഥാനെ 54 റൺസിന് തോൽപ്പിച്ച കിവീസ് ആറുപോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് കടന്നു. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും പുറത്തായി.
മലയാളികൾ കളിച്ച ലോകകപ്പ്
ആദ്യമായി മലയാളി താരങ്ങൾ കളിച്ച വനിതാ ക്രിക്കറ്റ് ലോകകപ്പാണിത്. സജന സജീവനും ആശ ശോഭനയുമാണ് ഇന്ത്യൻ ടീമിലുണ്ടായിരുന്നത്. ആശ മൂന്ന് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിന് നിമിഷങ്ങൾക്ക് മുമ്പ് പരിക്കേറ്റതിനാൽ കളിച്ചില്ല. സജന രണ്ട് മത്സരം കളിച്ചു.ഒരു മത്സരത്തിൽ മാത്രമാണ് ബാറ്റിംഗിന് അവസരം ലഭിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ആശ ഒരു വിക്കറ്റ് വീഴ്ത്തുകയും സജന നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് വിജയറൺ നേടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |