ഒട്ടാവ: ഹൈക്കമ്മിഷണമാരെയും നയതന്ത്ര പ്രതിനിധികളെയും പരസ്‌പരം പുറത്താക്കിയുള്ള ഇന്ത്യ-കാനഡ സർക്കാരുകളുടെ നടപടികൾ വിസാ അപേക്ഷകളെ ബാധിക്കുമോയെന്ന ആശങ്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളും ബിസിനസ് മേഖലയും. അടുത്തിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ കാനഡ കടുപ്പിച്ചിരുന്നു.
നയതന്ത്ര ബന്ധങ്ങളിൽ ഉലച്ചിൽ തുടർന്നാൽ വിമാന യാത്ര, വിസാ നടപടിക്രമങ്ങൾ എന്നിവ തടസപ്പെടുമോയെന്നാണ് ആശങ്ക. നയതന്ത്ര തർക്കങ്ങളെ തുടർന്ന് ഡൽഹിയിലെ കനേഡിയൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥർ കുറവാണ്. ഇത് കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസം, ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായി അങ്ങോട്ടും പോകുന്നവരുടെ വിസാ നടപടികളെ ബാധിക്കും. വിസകളുടെ എണ്ണം വെട്ടി കുറയ്‌ക്കാനുമിടയുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കാനഡ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ നൽകുന്നത് കുറച്ചിട്ടുണ്ട്. കാനഡയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെയും ഇത് സാരമായി ബാധിക്കും.
നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ വർഷം കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഒരു മാസത്തേക്ക് നിറുത്തിവച്ചിരുന്നു.
ഈ വർഷമാദ്യം, കാനഡ അന്താരാഷ്‌ട്ര വിദ്യാർത്ഥി വിസകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറച്ചു. കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 41 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നാണ്. നിലവിൽ 4-6 മാസമെടുത്താണ് കനേഡിയൻ സന്ദർശക വിസ ലഭിക്കുക. ഇനി ഇതിലുമേറെ കാത്തിരിക്കേണ്ടി വന്നേക്കാം.
ഇന്ത്യൻ ഏജന്റുമാർക്ക് ബിഷ്ണോയ്
ഗ്രൂപ്പിന്റെ ഒത്താശയെന്ന് കാനഡ
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ ഏജന്റുമാർ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ചേർന്ന് ഭീകരപ്രവർത്തനം നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി കാനഡ പൊലീസ്. കാനഡയിൽ അരങ്ങേറുന്ന ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബ്രിജിറ്റ് ഗോവിൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ആരോപണം അസംബന്ധമാണെന്നും ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഇന്ത്യൻ വിദേശമന്ത്രാലയം പ്രതികരിച്ചു.
ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങൾ കൂടുതൽ വഷളാക്കി,
ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ആറ് അംഗങ്ങളെ ഇന്ത്യ പുറത്താക്കുകയും കാനഡയിലെ ഹൈക്കമ്മിഷണറെയും
മറ്റും തിരിച്ചു വിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണം.
കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തെയാണ് ഇന്ത്യ ഉന്നമിടുന്നത്. പ്രത്യേകിച്ചും
ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ. അതിനായി അവർ ബിഷ്ണോയ് സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ഏജന്റുമാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. കൊലപാതകവും മറ്റ് അക്രമങ്ങളുമായി ഇന്ത്യൻ ഏജന്റുമാർക്കുള്ള ബന്ധങ്ങൾ വെളിപ്പെടുത്തുന്ന തെളിവുകളുണ്ടെന്നും കനേഡിയൻ പൊലീസ് അവകാശപ്പെട്ടു.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെന്റ് ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രേൂഡോ ആരോപിച്ചതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ തുടങ്ങിയത്. കഴിഞ്ഞ വർഷമാണ് ട്രൂഡോ ഈ ആരോപണം ഉന്നയിച്ചത്. ഇന്ത്യ ആരോപണത്തെ ശക്തമായി എതിർത്തിരുന്നു. കനേഡിയൻ മണ്ണിൽ ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് ഇടം നൽകുന്നതാണെന്ന് പ്രശ്നമെന്നാണ് ഇന്ത്യയുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |