ന്യൂഡൽഹി: ടാറ്റ സാമ്രാജ്യത്തിന്റെ മുൻ ചെയർമാനും ലോകം കണ്ട മനുഷ്യസ്‌നേഹിയുമായ രത്തൻ ടാറ്റ അടുത്തിടെയാണ് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ വേർപാട് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് തീരാനഷ്ടമാണെന്നാണ് വ്യവസായ ലോകത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസങ്ങളിൽ രത്തൻ ടാറ്റയിൽ നിന്നുണ്ടായ മികച്ച അനുഭവങ്ങൾ പലരും സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ അദ്ദേഹം മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് 1996ൽ സ്വന്തം കയ്യക്ഷരത്തിൽ എഴുതിയ കത്താണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക തന്റെ എക്സ് പേജിൽ കത്തിന്റെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു. പ്രധാനമന്ത്രിക്കുളള രത്തൻ ടാറ്റയുടെ അഭിനന്ദന കത്താണിത്.
ഇന്ത്യൻ സാമ്പത്തിക മേഖല മികവുറ്റതാക്കി മാറ്റിയത് നരസിംഹ റാവുവിന്റെ നേട്ടമാണെന്നാണ് ടാറ്റ കത്തിൽ കുറിച്ചത്. 1996 കാലഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുന്നതിനായി മികച്ച പ്രവർത്തനങ്ങളാണ് റാവു കാഴ്ച്ചവച്ചത്. അതിനാൽത്തന്നെ ഇന്ത്യൻ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവ് എന്നാണ് റാവു അറിയപ്പെടുന്നത്. രാജ്യത്തെ ലോകോത്തര നിലവാരത്തിലെത്തിച്ചതിന് ഓരോ ഇന്ത്യക്കാരനും റാവുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ടാറ്റ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ പുരോഗതിയോടുളള രത്തൻ ടാറ്റയുടെ പ്രതിബദ്ധതയാണ് ഈ കത്തെന്നാണ് ഗോയങ്ക വിശേഷിപ്പിച്ചത്. നല്ലൊരു വ്യക്തിയിൽ നിന്നുളള മനോഹരമായ എഴുത്ത് എന്നും പോസ്റ്റിൽ ഗോയങ്ക കുറിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |