അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) എന്ന അവസ്ഥയ്ക്ക് ചികിത്സയിലാണെന്ന് വെളിപ്പെടുത്തി ബോളുവുഡ് നടി ആലിയ ഭട്ട്. താനൊരു സൈക്കോളജിക്കൽ ടെസ്റ്റിലൂടെയാണ് രോഗാവസ്ഥ മനസിലാക്കിയതെന്നും താരം പറഞ്ഞു. മകൾക്കൊപ്പം സമയം ചെലവിടുമ്പോഴാണ് മാനസികോല്ലാസം ലഭിക്കുന്നതെന്നും ആലിയ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞത്.
'ഈ അവസ്ഥയുളളതിനാൽ തനിക്ക് ഒരു കാര്യത്തിലും ശാന്തതയോടെ ഇരിക്കാൻ സാധിച്ചിട്ടില്ല. എല്ലാം പെട്ടെന്ന് നടക്കണമെന്ന ചിന്തയാണ് എപ്പോഴും. ചെറിയ പ്രായത്തിൽ പോലും ആവശ്യമില്ലാത്ത പല ചിന്തകളിലും താൻ മുഴുകി ഇരിക്കുമായിരുന്നു. പഠിക്കുന്ന സമയത്തും ക്ലാസിൽ ആരെങ്കിലും സംസാരിക്കുമ്പോൾ പെട്ടന്ന് ശ്രദ്ധ പോകാറുണ്ടായിരുന്നു.അടുത്തിടെ നടത്തിയ പരിശോധനയിലാണ് തനിക്ക് എഡിഎച്ച്ഡി ആണെന്ന് മനസിലാക്കിയത്. അതുവരെ ഈ അവസ്ഥയെക്കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു.
പക്ഷെ ക്യാമറയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ സമാധാനം കിട്ടുന്നുണ്ടെന്ന് മനസിലായി. അഭിനയിക്കുമ്പോഴും മകൾ രാഹക്കൊപ്പം സമയം ചെലവഴിക്കുമ്പോഴുമാണ് താൻ അധികം ചിന്തിക്കാതെയിരിക്കുന്നത്. ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കുമ്പോൾ ആ കഥാപാത്രമായാണ് നിൽക്കാറുള്ളത്'-ആലിയ പറഞ്ഞു.
നേരത്തെ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് എഡിഎച്ച്ഡി അവസ്ഥയുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ കണ്ടെത്തിയാൽ ഈ അവസ്ഥ ചികിത്സിച്ച് മാറ്റാൻ സാധിക്കുമെന്നും തനിക്ക് 41-ാം വയസിലാണ് കണ്ടെത്തിയതെന്നും ഫഹദ് ഫാസിൽ വ്യക്തമാക്കിയിരുന്നു.
എന്താണ് എഡിഎച്ച്ഡി
ന്യാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണിത്. ഈ അവസ്ഥയുളളവർക്ക് ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുന്നു. ഇതോടെ ക്ഷമയില്ലാതെ എടുത്ത് ചാടുന്ന സാഹചര്യമുണ്ടാകും. സാധാരണ കുട്ടികളിലാണ് എഡിഎച്ച്‌ഡി കണ്ടെത്താറുള്ളത്. അപൂർവമായാണ് മുതിർന്നവരിൽ ഈ അവസ്ഥ കാണാന്‍ സാധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |