ഭീകരപ്രവർത്തനം നടത്തുന്നവർ വിൽക്കുന്നത് മരണമാണ്. സ്വാഭാവികമായും ചിലപ്പോഴൊക്കെ അവർക്കത് തിരിച്ചു വാങ്ങേണ്ടിയും വരും. ഖാലിസ്ഥാൻ വാദിയും കാനഡയിൽ താമസിച്ച് ഇന്ത്യയിൽ അട്ടിമറി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഹർദീപ് സിംഗ് നിജ്ജാർ. ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2023 ജൂണിൽ ഇയാൾ കാനഡയിൽ വച്ച് വെടിയേറ്റ് മരണമടഞ്ഞിരുന്നു. അന്നുമുതൽ നിജ്ജാറിന്റെ വധത്തിനു പിന്നിൽ ഇന്ത്യയാണെന്ന് ആരോപിക്കുകയാണ് കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ. ഇതു തെളിയിക്കുന്നതിന് വിശ്വസനീയമായ ഒരു തെളിവും ഇതുവരെ കാനഡയ്ക്ക് ലോകസമക്ഷം ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഭീകര നേതാക്കൾ പല രീതിയിൽ കൊല്ലപ്പെടാം. ഗ്രൂപ്പിലെ ഉൾപ്പോരിന്റെ ഭാഗമായാണ് ഇവരിൽ പലരും കൊല്ലപ്പെടുന്നത്. പക്ഷേ അതിന് നാലുപേർ കേട്ടാൽ വിശ്വസിക്കാൻ പാകത്തിലുള്ള ഒരു ആരോപണം മിക്കവാറും കൊലപാതകത്തിന്റെ ഉത്തരവാദികൾ തന്നെ പടച്ചുവിടും.
ഇന്ത്യയ്ക്കെതിരെ പ്രവർത്തിച്ചതിനാൽ കൊലപ്പെടുത്തിയത് ഇന്ത്യ തന്നെ എന്ന പ്രചാരണമാണ് നിജ്ജാറിന്റെ അനുയായികൾ കാനഡയിൽ ആദ്യം നടത്തിയത്. അത് ഇന്ത്യ കാര്യമാക്കിയിരുന്നില്ല. പക്ഷേ കനേഡിയൻ സർക്കാർ തന്നെ ഈ ആരോപണം പല വേദികളിൽ ഉന്നയിച്ചപ്പോൾ ഇന്ത്യയ്ക്കും തിരിച്ച് പ്രതികരിക്കേണ്ടിവന്നു. കാനഡയിലെ സിഖ് സമൂഹം സമ്പത്തിന്റെ കാര്യത്തിൽ പ്രബലരാണ്. ഭൂരിപക്ഷത്തിനും കനേഡിയൻ പൗരത്വവും വോട്ടുമുണ്ട്. ഈ വോട്ട് ബാങ്കിൽ കണ്ണുവച്ചാണ് ട്രൂഡോ സർക്കാർ ഇവരെ പ്രീണിപ്പിക്കുന്ന നയം സ്വീകരിച്ചിരിക്കുന്നത് എന്നത് വളരെ വ്യക്തമാണ്. ഏറ്റവും ഒടുവിൽ ഇവർ ആരോപിച്ചത് നിജ്ജാർ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ്.
തുടർന്ന് ഹൈക്കമ്മിഷണറെ ഇന്ത്യ തിരികെ വിളിച്ചു. ഇതിനു പിന്നാലെ ഏതാനും നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ കാനഡ ആവശ്യപ്പെട്ടു. തിരിച്ചടിയായി കാനഡയുടെ ആക്ടിംഗ് ഹൈക്കമ്മിഷണർ സ്റ്റിവാട്ട് റോസ് വീലർ ഉൾപ്പെടെ ശനിയാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരിക്കുകയാണ്. ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്നല്ലെങ്കിൽ നാളെ കാനഡയ്ക്ക് ഭീഷണിയായി മാറുമെന്ന് പലതവണ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും കാനഡ അതൊന്നും ഗൗനിച്ചിട്ടില്ലെന്നു മാത്രമല്ല, അവരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നയമാണ് പിന്തുടരുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള ഭീകരവാദത്തെയും അക്രമത്തെയുമാണ് കാനഡ ഫലത്തിൽ പിന്തുണയ്ക്കുന്നത്. നിജ്ജാർ വധത്തിന്റെ അന്വേഷണത്തിന്റെ മറവിൽ ഇന്ത്യയെ ഇകഴ്‌ത്തിക്കാട്ടാനും അപഹസിക്കുവാനുമുള്ള ശ്രമമാണ് കാനഡ നടത്തുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
35 വർഷത്തെ മികച്ച സേവന ചരിത്രമുള്ള മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമ്മയെന്നും അദ്ദേഹത്തിനെതിരെയുള്ള അധിക്ഷേപം അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും മോദി എന്ന നേതാവിന് ലോകം നൽകുന്ന അംഗീകാരവും പല പാശ്ചാത്യശക്തികൾക്കും പിടിച്ചിട്ടില്ല. നേരിട്ടു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സിൽബന്തികളെക്കൊണ്ട് ചെയ്യിക്കുന്നതിൽ അമേരിക്ക എന്നും മുന്നിലാണ്. യു.എസിന്റെ നയതന്ത്ര തണലിലാണ് കാനഡ ഇന്ത്യയ്ക്കെതിരെ തിരിയുന്നതെന്നത് പരസ്യമായ രഹസ്യമാണ്. ഇന്നലെയാകട്ടെ, നിജ്ജാർ വധത്തിന്റെ അന്വേഷണത്തിൽ കാനഡയുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പരസ്യമായി പറയുകയും ചെയ്തു. ഇതുകൊണ്ടൊന്നും തകരുന്നതല്ല ഇന്ത്യയുടെ കെട്ടുറപ്പും വിശ്വാസ്യതയും. ഇന്ത്യ പറയുന്നതാണ് ശരി എന്നത് ലോകത്തിന് ബോദ്ധ്യപ്പെടാൻ അധികകാലം വേണ്ടിവരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |