മലയാളികളുടെ പ്രിയ താരമാണ് ജയറാം. മാളൂട്ടി, ധ്രുവം,എന്റെ വീട് അപ്പൂന്റേം, മലയാളി മാമന് വണക്കം, സന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെയാണ് അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായത്. തമിഴ് അടക്കമുള്ള ഭാഷകളിലും അദ്ദേഹം തിളങ്ങി. ഇപ്പോഴിതാ ഒരു തമിഴ് ആവാർഡ് പരിപാടിയിൽ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ജയറാം വേദിയിലിരിക്കെ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ചില താരങ്ങളുടെ ചിത്രം കാണിക്കുന്നു. അവരെക്കുറിച്ചുള്ള ഓർമകൾ ജയറാം പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടയിൽ നടി സരിതയുടെ ചിത്രം കാണിക്കുന്നു.
'ജൂലി ഗണപതി'യിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എപ്പോഴും സങ്കടം തോന്നുന്ന കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം സംസാരിച്ചുതുടങ്ങുന്നത്. 'സരിത മാമിന്റെ ടാലന്റ് എന്താണെന്ന് പറയേണ്ട ആവശ്യമില്ല. എന്നാൽ ഇതുവരെ ഒരു ദേശീയ അവാർഡ് ലഭിച്ചിട്ടില്ലെന്ന് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു. ജൂലി ഗണപതിയിലെ ഓരോ സീനെടുക്കുമ്പോഴും ഇതിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ കിട്ടിയില്ല. ഈ സിനിമ കാണുമ്പോഴേ എനിക്ക് സങ്കടം വരും.'- ജയറാം പറഞ്ഞു.
ഈ വർഷം ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതാണെന്നും. രണ്ട് മക്കളുടെയും വിവാഹം ഒരു വർഷം തന്നെ നടക്കുകയെന്നത് ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബറിലാണ് മകൻ കാളിദാസിന്റെ വിവാഹമെന്നും ജയറാം കൂട്ടിച്ചേർത്തു. കഴിഞ്ഞ മേയിലായിരുന്നു മകൾ മാളവികയുടെ വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |