ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഡ്രോൺ ആക്രമണം. പ്രാദേശിക സമയം ഇന്ന് രാവിലെ 8.19ന് വടക്കൻ നഗരമായ സിസേറിയയിലുള്ള വസതിയെ ആണ് ലക്ഷ്യമിട്ടത്. നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ലെന്നും ആർക്കും പരിക്കില്ലെന്നും ഇസ്രയേൽ അറിയിച്ചു. ഹിസ്ബുള്ള വിക്ഷേപിച്ച മൂന്ന് ഡ്രോണുകളിലൊന്ന് മേഖലയിലെ ഒരു കെട്ടിടത്തിൽ പതിച്ചു. എന്നാൽ ഇത് നെതന്യാഹുവിന്റെ വസതിയിലാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. നാശനഷ്ടത്തിന്റെ തോതും വിശദീകരിച്ചിട്ടില്ല. രണ്ട് ഡ്രോണുകൾ തകർത്തു. ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ മരണത്തിനുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് സംശയിക്കുന്നു.
ആക്രമണം നടത്തിയത് ഹിസ്ബുള്ളയാണെങ്കിലും നെതന്യാഹുവിനെ വധിക്കാൻ ഇറാൻ നടത്തിയ ശ്രമമാണിതെന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ ആരോപിച്ചു. 55 ലേറെ റോക്കറ്റുകളും ഹിസ്ബുള്ള ഇസ്രയേലിന് നേരെ വിക്ഷേപിച്ചു. പിന്നാലെ തെക്കൻ ലെബനനിലുടനീളം ഇസ്രയേൽ ആക്രമണം ശക്തമാക്കി. ബെക്കാ താഴ്വരയിൽ പ്രാദേശിക മേയർ അടക്കം 5 പേർ കൊല്ലപ്പെട്ടു. ലെബനനിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള അംഗങ്ങളുടെ എണ്ണം 1,500 ആയി.
ഇതിനിടെ, കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ മൃതദേഹത്തിന്റെ ചിത്രത്തോടെയുള്ള ലഘുലേഖ ഗാസയിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ വിതരണം ചെയ്തു. ഹമാസ് ഗാസ ഭരിക്കില്ലെന്ന സന്ദേശവും ഒപ്പം കുറിച്ചിരുന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ 33 പേരും മഘാസിയിൽ 11 പേരും കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 42,510 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |