പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ ഇടത് വോട്ടുകള്‍ ഷാഫി പറമ്പിലിന് കിട്ടിയിട്ടുണ്ടെന്ന പി.സരിന്റെ പ്രസ്താവന തിരുത്തി സിപിഎം. പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവാണ് സരിനെ തിരുത്തി രംഗത്ത് വന്നത്. സിപിഎമ്മിന്റെ വോട്ടുകള്‍ കൃത്യമായി അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് പോള്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നും സരിന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ ശ്രമിക്കുന്നത് സരിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് നേട്ടമുണ്ടാക്കാനാണ് അത് അനുവദിക്കാന്‍ കഴിയില്ല. കേരളത്തില്‍ അങ്ങനെ ഒരു ഡീലും എല്‍ഡിഎഫ് ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. ആരൊക്കെ തമ്മിലാണ് കാലാകാലങ്ങളില്‍ ഡീല്‍ നടന്നിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വിട്ട് പുറത്തുവരുന്നവര്‍ വെളിപ്പെടുത്തുന്നുണ്ട്.സരിന്‍ മാത്രമല്ല കോണ്‍ഗ്രസിലെ ഉള്‍പ്പോരിനെ കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് ശേഷം പുറത്തേക്ക് വന്നവരും വെളിപ്പെടുത്തുന്നുണ്ട്. - സുരേഷ് ബാബു പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് വോട്ട് ഷാഫി പറമ്പിലിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. സരിന്‍ നേരത്തെ പറഞ്ഞത്. ഷാഫിയെ നിഷേധിക്കാന്‍ ഇടതുപക്ഷം 2021ല്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ സ്ഥിതി മാറുമായിരുന്നുവെന്നും സരിന്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതിന് പിന്നാലെ മതേതര വോട്ടുകളെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് സരിന്‍ വിശദീകരിച്ചിരുന്നു. ബിജെപി നേതാക്കള്‍ പറയുന്നതൊന്നും നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |