ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1ന്വോ ൾവർ ഹാംപ്ടണിനെ തോൽപ്പിച്ചു. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടുവരെയും 1-1ന് സമനിലയിലായിരുന്നു സിറ്റി. ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ ജോൺ സ്റ്റോൺസാണ് വിജയഗോളടിച്ചത്. ഏഴാം മിനിട്ടിൽ യോർഗൻ സ്ട്രാൻഡ് ലാർസനിലൂടെ വോൾവറാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 33-ാം മിനിട്ടിൽ ജോസ്കോ ഗ്വാർഡിയോൾ സമനില പിടിച്ചു. എട്ടുമത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.
മറ്റൊരു മത്സരത്തിൽ ആഴ്സനലിനെ ബേൺമൗത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.ബേൺമൗത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 30-ാം മിനിട്ടിൽ വില്യം സാലിബ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് ആഴ്സനൽ കളിച്ചത്. 70-ാം മിനിട്ടിൽ റയാൻ ക്രിസ്റ്റിയും 79-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ജസ്റ്റിൻ ക്ളുവെർട്ടുമാണ് ബേൺമൗത്തിനായി ഗോളുകൾ നേടിയത്. ഈ സീസണിലെ ആദ്യ തോൽവിയാണ് ആഴ്സനൽ വഴങ്ങിയത്.എട്ടുമത്സരങ്ങളിൽ 17 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആഴ്സനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |