തിരുവനന്തപുരം: എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ കണ്ടെത്തൽ. ഫയൽ ബോധപൂർവ്വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നവീൻ ബാബു മരണപ്പെട്ട് ഒരാഴ്‌ച തികയുന്ന വേളയിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കുമെന്നാണ് വിവരം.
പെട‌്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നത് സംബന്ധിച്ച ഫയലുകളിൽ നവീൻ ബാബു നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണൂരിലെ അന്വേഷണം പൂർത്തിയാക്കി ജോയിന്റ് കമ്മിഷണർ മടങ്ങി.
പെട്രോൾ പമ്പിനായി കണ്ടെത്തിയ സ്ഥലത്തെ റോഡിലെ വളവ് സംബന്ധിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് എൻഒസി നൽകാൻ എതിരായിരുന്നതിനാൽ എഡിഎം ഇതേക്കുറിച്ച് ടൗൺ പ്ളാനിംഗ് വിഭാഗത്തോട് റിപ്പോർട്ട് തേടിയിരുന്നതായാണ് രേഖകളിൽ നിന്ന് ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ്, പൊതുമരാമത്ത്, അഗ്നിശമനസേന, ടൗൺ പ്ളാനിംഗ് വിഭാഗം എന്നിവരിൽ നിന്ന് എൻഒസി ലഭിച്ചാൽ മാത്രമേ അന്തിമ എൻഒസി നൽകാൻ സാധിക്കൂ എന്നതിനാൽ ഫയൽ പിടിച്ചുവച്ചെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നിൽ മൊഴി നൽകാൻ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. നോട്ടീസ് നൽകിയെങ്കിലും ദിവ്യ സഹകരിച്ചില്ല. നോട്ടീസ് നൽകി നിയമപരമായി ദിവ്യയെ വിളിച്ചുവരുത്താൻ ജോയിന്റ് കമ്മിഷണർക്ക് അധികാരമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |