വെഞ്ഞാറമൂട്: വേളാവൂരിലും പരിസര പ്രദേശത്തും വ്യാപക മോഷണം. കഴിഞ്ഞ ദിവസം മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളിൽ മോഷണശ്രമവും നടന്നു. വേളാവൂർ വടക്കേ വീട് സുധാകരൻ നായരുടെ വീട്ടിലും, ഗോപാല വിലാസത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ ബിജു കുമാറിന്റെ വീട്ടിലും തൊട്ടടുത്തുള്ള കിഷോറിന്റെ വീട്ടിലുമാണ് രാത്രി മോഷണം നടന്നത്. സുധാകരൻ നായരുടെ വീട്ടിൽ നിന്ന് 25000 രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം. ഒരാഴ്ചയായി സുധാകരൻ നായർ എറണാകുളത്തുള്ള വീട്ടിലായിരുന്നു.
ബിജുവിന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും നഷ്ടപ്പെട്ടു. ജനലും വാതിലും പൊളിച്ചാണ് മോഷ്ടാക്കൾ വീടുകൾക്കുള്ളിൽ കടന്നത്. വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ വാടകയ്ക്ക് താമസിക്കുന്ന വീടിന് മൂന്നൂറ് മീറ്റർ ചുറ്റളവിലാണ് ഈ മോഷണങ്ങൾ എല്ലാം നടന്നിരിക്കുന്നത്.
പ്രദേശത്ത് അന്യസംസ്ഥാനക്കാർ നനടത്തുന്ന ചായക്കടയിൽ പരിചിതരല്ലാത്ത നിരവധി പേരാണ് വൈകുന്നേരങ്ങളിൽ എത്തുന്നതെന്നും പൊലീസ് പെട്രോളിംഗ് കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗവും ഈ ഭാഗത്ത് കൂടുതലാണെന്നാണ് വിവരം.
ഏതാനും മാസങ്ങൾക്കു മുൻപ് വേളാവൂർ വൈദ്യൻ കാവിൽ ഇത്തരത്തിൽ മോഷണ ശ്രമം നടന്നിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും അതിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |