കൗതുകമുണർത്തുന്ന വരയിലും വരിയിലും ജീവിതം നിറഞ്ഞുനിൽക്കുന്ന പോസ്റ്റുകൾ. നമ്മുടെയോ, നമുക്കൊക്കെ വേണ്ടപ്പെട്ട, കണ്ടുപരിചയപ്പെട്ട ആരുടെയൊക്കെയോ ജീവിതത്തിലെ സന്ദർഭമല്ലേ ഇതെന്ന് തോന്നുന്ന തരത്തിലുള്ള ആശയങ്ങൾ, ഇതാണ് കണ്ണൂർ തലശ്ശേരി കോടിയേരി സ്വദേശിയായ അർജുൻ രത്നാകരന്റെ സൃഷ്‌ടികളിലുള്ളത്. ഇൻസ്‌റ്റഗ്രാം റീൽസിന്റെ 90 സെക്കന്റുകളിൽ അർജുൻ പരിചയപ്പെടുത്തുന്ന ജീവിത മുഹൂർത്തങ്ങൾ ചിലപ്പോൾ നമ്മിൽ ഒരു ചെറു പുഞ്ചിരി വിടർത്തും. മറ്റുചിലപ്പോഴാകട്ടെ അത് കൗതുകമാണ് വരുത്തുന്നതെങ്കിൽ ചില പോസ്‌റ്റുകൾ നീറുന്ന വേദനയിൽ കൊണ്ടെത്തിക്കും.
ജന്മസിദ്ധമായ കല
പ്രൊഫഷണലായി വര പഠിച്ചിട്ടില്ലെങ്കിലും കല ജന്മസിദ്ധമാണെന്ന് പറയുന്നതാണ് അർജ്ജുന്റെ കാര്യത്തിൽ ശരി. വര മാത്രമല്ല എഴുത്തും അങ്ങനെതന്നെ. എഴുത്തിനായി ഒരു വരി കുറിച്ചാൽ 10-15 മിനുട്ടിനകം തന്നെ അതെഴുതി പൂർത്തിയാക്കാൻ കഴിയും അർജ്ജുന്. സ്വയം മറ്റുള്ളവരുടെ ജീവിതം കണ്ട് അതിൽ നിന്നും തോന്നിയ ആശയങ്ങൾ മാത്രമാണ് എഴുത്തിലൂടെയും വരയിലൂടെയും അവതരിപ്പിച്ചിട്ടുള്ളത്.
അർജുൻ തുങ്ക യൂട്യൂബ് ചാനൽ
2014 മുതൽ 2017 വരെ തൊഴിൽസംബന്ധമായി പ്രവാസജീവിതം നയിച്ചു അർജുൻ. ആ സമയം 2016 അവസാനമാണ് സ്വന്തമായി തോന്നുന്ന ആശയങ്ങൾ ചേർത്ത് 'അർജുൻ തുങ്ക' എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഫേസ്‌ബുക്കിലും ഇവ പോസ്റ്റ് ചെയ്‌തു. കവിതകൾ ആണ് ആദ്യം അവതരിപ്പിച്ചത്. അത് ഫോട്ടോസ് രൂപത്തിലാണ് പോസ്റ്റ് ചെയ്‌തത്. ധാരാളം ബന്ധങ്ങൾ നാട്ടിലുള്ളതിനാൽ ആശയങ്ങൾക്ക് പഞ്ഞമൊന്നും ഉണ്ടായിരുന്നില്ല.
പ്രവാസ കാലത്ത് ഗൾഫിൽ സൗഹൃദങ്ങൾ കുറവായതിനാൽ അക്കാലത്ത് മാസം ആറ് വീഡിയോകൾ വരെ ചെയ്‌ത് തീർക്കാനായി. എന്നാൽ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ ഒൻപത് മാസത്തോളം സമയമെടുത്തിട്ടും 15 വീഡിയോകൾ മാത്രമാണ് ചെയ്യാനായത്.
2018 ഓണക്കാലത്ത് അർജുന്റെ ജീവിതത്തിൽ വലിയൊരു ഷോക്ക് ആയ സംഭവം നടന്നു. അനുജന്റെ മരണമായിരുന്നു അത്. എല്ലാക്കാലത്തും കൂടെയുണ്ടായിരുന്ന അനുജന്റെ മരണം വലിയ വിഷമം തന്നെ അർജുനുണ്ടാക്കി. നീണ്ടകാലം പിന്നീട് എഴുത്തുണ്ടായില്ല ഏതാണ്ട് അഞ്ച് വർഷത്തോളം. പിന്നീട് നാളുകൾക്ക് ശേഷം ഈ സംഭവം റീൽസ് സ്റ്റോറിയായി അർജുൻ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തപ്പോൾ വളരെപെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി.
ഇൻസ്‌റ്റഗ്രാം പോസ്റ്റുകൾ
ഇക്കാലമത്രയും കാര്യമായ എഴുത്തും വരയുമുണ്ടായില്ല. 2021ൽ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങി. പിന്നീട് അർജുൻ തുങ്ക എന്ന പേരിൽതന്നെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വന്നതോടെയാണ് 2023 മുതൽ വീണ്ടും അനുഭവങ്ങൾ ചേർത്ത് വരച്ച് പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇൻസ്‌റ്റഗ്രാമിൽ ഒരുലക്ഷം സബ്‌സ്‌ക്രൈബർമാരെ ലഭിച്ചു. ഇപ്പോൾ കഥാരൂപത്തിൽ ഉള്ള പോസ്റ്റുകളാണ് നൽകുന്നത്. 1.60 ലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഇപ്പോഴുള്ളത്.
വൈറലായ റീലുകൾ
പൂർണമായും വരയും എഴുത്തും എഡിറ്റിംഗുമെല്ലാം ഫോണിലൂടെ തന്നെയാണ്. പ്രവാസത്തെ കുറിച്ചും മുത്തശ്ശിയെക്കുറിച്ചും അച്ഛനുറങ്ങാത്ത വീടിനെക്കുറിച്ചും മകന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ ജീവിക്കുന്ന രക്ഷകർത്താക്കളെക്കുറിച്ചും ഒക്കെയുള്ള അർജുന്റെ റീലുകൾ 10 മുതൽ 30 ലക്ഷം പേർ വരെ കണ്ടു. ഏതൊരു മലയാളിയും കടന്നുപോകുന്ന ജീവിതത്തിന്റെ നേർചിത്രമാണ് അർജുന്റെ വരയിലുള്ളത്.
അനുജന്റെ മരണം പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവം ഉള്ള പലരും അർജുനോട് ധാരാളം വർക്കുകൾ ചെയ്‌തുതരാൻ ആവശ്യപ്പെട്ടിരുന്നു. അവ ചെയ്‌ത് നൽകിയെങ്കിലും ഇതുവരെ സ്വന്തം പ്രൊഫൈലിൽ രാഷ്‌ട്രീയ പോസ്റ്റുകൾ കൊണ്ടുവരാൻ അർജുൻ ശ്രമിച്ചിട്ടില്ല.
വരയ്‌ക്ക് പുറമേ ചുവർചിത്രങ്ങളും അർജുൻ ചെയ്യാറുണ്ട്. 2020ൽ കെ.എസ്.ഇ.ബി കൊവിഡ് കാലത്ത് സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം അർജുൻ കരസ്ഥമാക്കിയിട്ടുണ്ട്. തലശേരി രത്നവിലാസിൽ രത്നാകരന്റെയും സുശീലയുടെയും മകനാണ് അർജുൻ. സൂര്യയാണ് സഹോദരി. മലയാളിക്ക് ഇഷ്‌ടപ്പെടുന്ന തന്റെ കലാശൈലിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് അർജുൻ എന്നും ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |