ന്യൂഡൽഹി: പീഡനക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് സുപ്രിംകോടതി പരിഗണിക്കും. അതുവരെ ഇടക്കാല ജാമ്യം തുടരും. നവംബർ 12നാകും വീണ്ടും പരിഗണിക്കുക. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കസ്റ്റഡിയിൽ വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ മറുപടി സമർപ്പിക്കാൻ സിദ്ദിഖിന് രണ്ടാഴ്ച സമയം ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിക്കുകയായിരുന്നു. ഇതിനെ സംസ്ഥാന സർക്കാർ എതിർത്തു. സാധാരണ നിലയിലുള്ള സമയമാണ് നൽകുന്നതെന്ന് കോടതി പറഞ്ഞു.
എല്ലാം മറന്നുപോയെന്നാണ് സിദ്ദിഖ് പറയുന്നതെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും സർക്കാർ ബോധിപ്പിച്ചു. സർക്കാർ വാദങ്ങൾ തെറ്റാണെന്നും ഇടക്കാല ജാമ്യം ലഭിച്ചശേഷം നടന്ന കാര്യങ്ങൾ രേഖാമൂലം അറിയിക്കാമെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ അറിയിച്ചു.
എന്തുകൊണ്ട്
പരാതി വൈകി ?
പരാതി നൽകാൻ എട്ടുവർഷത്തോളം വൈകിയത് എന്തുകൊണ്ടെന്ന് ഇന്നലെയും കോടതി ആരാഞ്ഞു. അതിക്രമം സംബന്ധിച്ച് പരാതിക്കാരി ഇക്കാലയളവിൽ നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകളിട്ടിരുന്നുവെന്ന് സർക്കാരിനുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ പ്രതികരിച്ചു. ധൈര്യം സംഭരിച്ച് പരാതി സമർപ്പിക്കാൻ സമയമെടുത്തു. പ്രമുഖ നടനെതിരെ നീങ്ങാൻ പ്രയാസമുള്ള സാഹചര്യമായിരുന്നുവെന്ന് ഇരയുടെ അഭിഭാഷകയായ വൃന്ദ ഗ്രോവറും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |