കൊച്ചി: ലാൻഡ് അസൈൻമെന്റ് നിയമ പ്രകാരം സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസോടെ ക്രമവിരുദ്ധ പ്രവർത്തനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന കർമ്മസമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.കർമ്മ സമിതി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണം.
ചീഫ് സെക്രട്ടറിയാണ് കർമ്മസമിതിക്ക് രൂപം നൽകേണ്ടത്. രൂപീകരണം എങ്ങനെയെന്ന് കോടതിയെ അറിയിച്ച് അനുമതി വാങ്ങണം. പരിശോധന സംബന്ധിച്ച ഉത്തരവ് പിന്നീട് നൽകും.
'നേർക്കാഴ്ച' അസോസിയേഷൻ ഡയറക്ടർ മണ്ണുത്തി സ്വദേശി പി.ബി. സതീഷ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പട്ടയ, രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് ലൈസൻസോ അനുമതിയോ സർട്ടിഫിക്കറ്റോ നൽകരുതെന്ന് തദ്ദേശസ്ഥാപനങ്ങളോട് നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ഇത്തരം ഭൂമി തിരിച്ചുപിടിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ഓരോ ലൈസൻസിന്റെയും അനുമതിയുടെയും സൂക്ഷ്മപരിശോധന വേണ്ടിവരുമെന്ന് ഡിവിഷൻബെഞ്ച് വിലയിരുത്തി. സർക്കാരും തദ്ദേശസ്ഥാപനങ്ങളുമടക്കം 1043 എതിർകക്ഷികളുള്ള ഹർജിയിൽ കോടതിക്ക് ഇതിനുള്ള സമയം കണ്ടെത്താനാകില്ല. പൊതുഉത്തരവ് ഈ ഘട്ടത്തിൽ അർത്ഥവത്താവുകയുമില്ല. അതിനാലാണ് കർമ്മസമിതി രൂപീകരിക്കാൻ നിർദേശിച്ചത്.
ഹർജിയിൽ പറയുന്നതും പൊതുതാത്പര്യപ്രകാരം ശ്രദ്ധയിൽപ്പെടുത്തുന്നതുമായ കാര്യങ്ങൾ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണം. സമിതി രൂപീകരണത്തിന്റെ കരട് നിർദ്ദേശം നാലാഴ്ചയ്ക്കകം സമർപ്പിക്കണം. ഹർജി നവംബർ എട്ടിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |