മോസ്‌കോ:യുക്രെയിനിൽ സമാധാനം പുലരണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് വീണ്ടും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ സഹായിക്കാമെന്നും മോദി പറഞ്ഞു. റഷ്യയിലെ കസാനിൽ ഇന്നലെ ആരംഭിച്ച16ാം ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യ പല തവണ സൂചിപ്പിച്ചതാണ്. അതിന് എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. മനുഷ്യത്വത്തിനാണ് പ്രാധാന്യം നൽകേണ്ടത് - മോദി പറഞ്ഞു.
ഉച്ചകോടിക്കായി രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്നലെയാണ് മോദി കസാനിൽ എത്തിയത്. ഉച്ചകോടി നാളെയാണ് സമാപിക്കുന്നതെങ്കിലും മോദി ഇന്ന് മടങ്ങും.
മൂന്ന് മാസത്തിനിടെ രണ്ട് തവണ താൻ റഷ്യ സന്ദർശിച്ചത് തങ്ങളുടെ ആഴത്തിലുള്ള സൗഹൃദമാണ് പ്രതിഫലിപ്പിക്കുന്നത്. ജൂലൈയിൽ മോസ്‌കോയിലെ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു.
ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് റഷ്യ പങ്കിടുന്നതെന്ന് പുട്ടിൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചകളിൽ ബന്ധം കൂടുതൽ ദൃഢമായി. മോദിയെ പല തവണ ഉറ്റ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചായിരുന്നു പുട്ടിന്റെ സംഭാഷണം.
താൻ പറയുന്നത് പരിഭാഷ ഇല്ലാതെ മോദിക്ക് മനസിലാകുമെന്നും അത്രമാത്രം ഗാഢമാണ് തങ്ങളുടെ ബന്ധമെന്നും പുട്ടിൻ പറഞ്ഞത് നർമ്മത്തിന്റെ നിമിഷങ്ങൾ സൃഷ്‌ടിച്ചു.
എല്ലാ ബ്രിക്സ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് യാത്ര തിരിക്കും മുമ്പുള്ള പ്രസ്താവനയിൽ മോദി സൂചിപ്പിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി കൂടിക്കാഴ്ച നടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതിർത്തി തർക്കം
തീർന്നു : ചൈന
മോദി -ഷീജിൻ പിങ് കൂടിക്കാഴ്ച ഇന്ന്
ഉഭയകക്ഷി ബന്ധം മെച്ചപ്പെടാൻ കളമൊരുക്കി, കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം പരിഹരിക്കാൻ ഇന്ത്യയുമായി ധാരണയായെന്ന് സ്ഥിരീകരിച്ച് ചൈന. ചൈനീസ് വിദേശമന്ത്രാലയം വക്താവ് ലിൻ ജിയാനെ ഉദ്ധരിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ്പാർട്ടി പത്രമായ പീപ്പിൾസ് ഡെയ് ലിയുടെ ടാബ്ലോയിഡ് എഡിഷൻ ഗ്ലോബൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സേനകളെ പിൻവലിക്കാനും പട്രോളിംഗ് പുനഃ രാരംഭിക്കാനും തീരുമാനമായെന്ന് തിങ്കളാഴ്ച ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ചൈനയുടെ സ്ഥിരീകരണം. അതേസമയം മോദിയും ഷീജിൻ പിങും ഇന്ന് ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |