ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ഐടിഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും വിവിധ കമ്പനികളിൽ നിന്നായി അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവർക്കുമായി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള സ്‌പെക്ട്രം ജോബ് ഫെയറിന് നാളെ തുടക്കമാകും. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂർ ഐ ടി ഐയിൽ രാവിലെ 11.30ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
എല്ലാ ജില്ലകളിലെയും നോഡൽ ഐ ടി ഐകളിൽ നവംബർ 4വരെ നടക്കുന്ന മേളയിൽ സ്വദേശത്തും വിദേശത്തുമുള്ള നിരവധി തൊഴിൽ ദാതാക്കൾ പങ്കെടുക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെങ്ങന്നൂർ ഐ ടി ഐക്കായി 20 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും ഹോസ്റ്റൽ സമുച്ചയങ്ങളുടെയും ഉദ്ഘാടനവും തൊഴിൽ മന്ത്രി നിർവഹിക്കും.
തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് www.knowledgemission.kerala.gov.in/dwms ആപ്പ് വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമായതായി ഡെപ്യൂട്ടി സ്റ്റേറ്റ് അപ്രന്റിസ്‌ഷിപ്പ് അഡ്വൈസർ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ഐടിഐകളിൽ ബന്ധപ്പെടേണ്ടതാണ്. ഉദ്ഘാടനച്ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി, ചെങ്ങന്നൂർ നഗരസഭാ ചെയർ പേഴ്‌സൺ അഡ്വ ശോഭ വർഗീസ്,ഐ ടി ഐ ഡയറക്ടർ സൂഫിയാൻ അഹമ്മദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |