കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ പിപി ദിവ്യയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാകമ്മിറ്റി. കണ്ടുപിടിച്ചുകൊടുക്കുന്നവർക്ക് ഒരു ലക്ഷംരൂപ ഇനാം നൽകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. കണ്ടുകിട്ടുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപിക്കപ്പെട്ട കുറ്റവും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് കേരളയെന്ന എക്സ് പേജിലാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്.
ADM നവീൻ ബാബു മരിച്ച കേസിലെ പ്രതി പി.പി. ദിവ്യയെ കണ്ടെത്താൻ കേരളാ പോലീസിനെ സഹായിക്കുന്നവർക്ക് @INCKerala വക ഒരു ലക്ഷം രൂപ ഇനാം. ദിവ്യ എവിടെയെന്നെന്നറിയുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കോൺഗ്രസ് ഓഫീസിലോ അറിയിക്കുക! pic.twitter.com/D5z7H5Jzhn
— Congress Kerala (@INCKerala) October 23, 2024
നവീൻബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച കുറ്റത്തിൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന ഏക പ്രതിയാണ് ദിവ്യ. എന്നാൽ ഇവരെ ഇതുവരെ പൊലീസ് അറസ്റ്റുചെയ്തിട്ടില്ല. ഇതിലുള്ള പ്രതിഷേധമായാണ് നോട്ടീസ് പുറത്തിറക്കിയത്. ദിവ്യക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും ഒളിവിലാണെന്നുമാണ് അന്വേഷണോദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, ഒളിവിലുള്ള പ്രതിക്കായി പ്രാഥമികമായി നടത്തുന്ന പരിശോധനകൾപോലും ദിവ്യക്കെതിരെ ഉണ്ടായിട്ടില്ല. ഭർത്താവ് വി.പി. അജിത്തും ദിവ്യ എവിടെയുണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുന്നില്ല.
എഡിഎമ്മിന് കൈക്കൂലി നൽകിയതിന് തെളിവുണ്ടെന്ന് വരുത്തി ദിവ്യയ്‌ക്കെതിരായ പൊതുജന വികാരത്തിന്റെ തീവ്രത കുറയ്ക്കാനാണ് ശ്രമം. ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടും തുടക്കത്തിലേ ഉഴപ്പ് തുടരുകയാണ് അന്വേഷണസംഘം. നാളെയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. അതുവരെയെങ്കിലും ഒളിവുസംരക്ഷണം ഒരുക്കാനാണ് പൊലീസിന്റെ പരിശ്രമം. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അറസ്റ്റും റിമാൻഡുമെല്ലാം വേണ്ടിവരും. അത് ഒഴിവാക്കുകയാണ് ലക്ഷ്യം എന്നാണ് ആരോപണം.
നവീൻ ബാബുവിന് താൻ കൈക്കൂലി നൽകിയെന്ന് പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തൻ കഴിഞ്ഞദിവസം പൊലീസിനു മൊഴി നൽകിയിരുന്നു. സ്വർണം പണയംവച്ച് സ്വരൂപിച്ച പണം ആറാം തീയതി ക്വാർട്ടേഴ്സിലെത്തി കൈമാറിയെന്നാണ് മൊഴി. രണ്ടാംതവണയാണ് ആരോപണം ആവർത്തിക്കുന്നത്.
സ്വർണം പണയം വച്ചതിന്റെ രേഖകളും എ.ഡി.എമ്മുമായി ഫോണിൽ സംസാരിച്ചതിന്റെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. പ്രശാന്തനെതിരായ വിജിലൻസ് അന്വേഷണവും തുടരുകയാണ്. മുഖ്യമന്ത്രിക്കു നൽകിയതായി പ്രശാന്തൻ അവകാശപ്പെട്ട പരാതിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവ് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഉടൻ ഈയാളുടെ മൊഴി രേഖപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |