കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയ്ക്ക് നാമനിർദേശ പത്രികയിലെ വിവരങ്ങൾ പ്രകാരം കൈവശമുള്ളത് 52,000 രൂപ. ആകെ 4.24 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ആസ്തി 11.98 കോടി രൂപ. ഭർത്താവ് റോബർട്ട് വദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ട്. 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, ഭൂസ്വത്ത് 2.10 കോടി എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. റോബർട്ട് വദ്രയുടെ പേരിൽ ഭൂമിയില്ല.
2004 മോഡൽ ഹോണ്ട സിആർവി കാർ പ്രിയങ്കയ്ക്കു സ്വന്തമായുണ്ട്. ബാദ്ധ്യത 15.75 ലക്ഷം രൂപ, 3 കേസുകളും പ്രിയങ്കയുടെ പേരിലുണ്ട്. 27.64 കോടി രൂപ മൂല്യമുള്ള വാണിജ്യകെട്ടിടങ്ങൾ റോബർട്ട് വദ്രയ്ക്കുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയങ്കയ്ക്ക് 7.74 കോടി രൂപയുടെയും റോബർട്ട് വദ്രയ്ക്ക് 27.64 കോടി രൂപയുടെയും ഭവനസമുച്ചയങ്ങളും സ്വന്തമായുണ്ട്യ വാടക, ബാങ്കിൽനിന്നുള്ള പലിശ, വിവിധ നിക്ഷേപങ്ങൾ എന്നിവയാണു പ്രിയങ്കയുടെ വരുമാനമാർഗം. ബുദ്ധിസ്റ്റ് സ്റ്റഡീസിൽ യുകെയിലെ സർവകലാശാലയിൽനിന്ന് പിജി ഡിപ്ലോമയുണ്ട്. ഡൽഹി സർവകലാശാലയിൽനിന്ന് ബിഎ സൈക്കോളജിയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബിരുദം.
അതേസമയം ആയിരങ്ങൾ അണിനിരന്ന റോഡ്ഷോയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വയനാട് കളക്ടറേറ്റിലെത്തിയാണ് പ്രിയങ്ക ഗാന്ധി നാമനിർദേശപ്രതിക സമർപ്പിച്ചത്. വയനാട് ലോക്സഭാ മണ്ഡലം വരണാധികാരി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മുമ്പാകെ മൂന്ന് സെറ്റ് പത്രികകളാണ് പ്രിയങ്ക നൽകിയത്. സോണിയാഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ കാർഗെ , രാഹുൽഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൻ റൈഹാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേതി ,റായ്ബറേലി എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം പ്രിയങ്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിന് തയ്യാറാകാതെ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒടുവിലാണ് രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും തിരഞ്ഞെടുക്കപ്പെട്ടതോടെ വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിച്ചത്. തുടർന്നാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |