ന്യൂഡൽഹി : ഭീകരരോടും കൊടുംകുറ്റവാളികളോടും കാട്ടാത്ത രീതിയിലാണ് ഇ.ഡി അന്വേഷണമെന്നും, മാപ്പർഹിക്കാത്ത പ്രവൃത്തികളാണെന്നും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
ഛത്തീസ്ഗഢിലെ മദ്യലോബി കോഴക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയുടെ ഹർജി പരിഗണിക്കുകയായിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജയിൽമോചനം അനുവദിക്കണമെന്നുമാണ് ആവശ്യം. ചോദ്യംചെയ്യാൻ ഉദ്യോഗസ്ഥനെ പൊടുന്നനെ ഇ.ഡി വിളിച്ചുവരുത്തി. രാത്രി ഉറങ്ങാൻ അനുവദിച്ചില്ല. പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഭരണഘടനാവിരുദ്ധമായ രീതിയിലാണോ ഏജൻസിയുടെ അറസ്റ്റും, അന്വേഷണവുമെന്ന് സംശയമുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓകയും അഗസ്റ്റിൻ ജോർജ് മസീഹും അടങ്ങിയ ബെഞ്ച് വിമർശിച്ചു.
ഭരണഘടനയിൽ വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശം ഉറപ്പു നൽകുന്ന അനുച്ഛേദം 21 ഉണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. ചോദ്യംചെയ്യലിൽ ഇ.ഡി വിശദീകരണം നൽകണം. നവംബർ 5ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ അമിതാവേശം കാണിച്ചെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു സമ്മതിച്ചു. ആ ഉദ്യോഗസ്ഥൻ രാജിവച്ചു. അനിൽ തുതേജയ്‌ക്കെതിരായി ഇ.ഡിയുടെ ആദായനികുതി കേസിലെ കുറ്റപത്രം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നാലെ, കഴിഞ്ഞ ഏപ്രിലിലാണ് ഛത്തീസ്ഗഢിലെ മദ്യലോബി കോഴക്കേസിൽ മുൻ ഉദ്യോഗസ്ഥന്റെ അറസ്റ്റ് .
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |