ലക്‌നൗ: ഉത്തർപ്രദേശിൽ പാമ്പ് കടിയേറ്റ് മൂന്ന് പേർ മരിച്ചു. ഹാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മൂന്ന് ദിവസത്തിനിടെ ഗ്രാമത്തിലെ അഞ്ച് പേർക്കാണ് പാമ്പ് കടിയേറ്റത്. ഇതിൽ മൂന്ന് പേർ മരിക്കുകയും രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാകുകയും ചെയ്‌തു.
ഒക്‌ടോബർ ഇരുപതിനാണ് ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. നിലത്ത് കിടന്നിരുന്ന സ്ത്രീയേയും രണ്ട് കുട്ടികളെയുമാണ് പാമ്പ് കടിച്ചത്. ചികിത്സയിലിരിക്കെ മൂന്ന് പേരും മരിച്ചു. അടുത്ത ദിവസം മറ്റൊരാൾക്ക് പാമ്പ് കടിയേറ്റു. ഈ വ്യക്തി ചികിത്സയിൽ കഴിയുകയാണ്. വീണ്ടും മറ്റൊരാൾക്ക് കൂടി പാമ്പ് കടിയേറ്റതോടെ ഗ്രാമവാസികൾ ആശങ്കയിലായി. ആളുകൾ പുറത്തിറങ്ങാൻ പോലും പേടിക്കുകയാണ്.
പാമ്പിനെ പിടികൂടാൻ പാമ്പാട്ടികളെ നിയോഗിച്ചിട്ടുണ്ട്. ഒക്‌ടോബർ ഇരുപത്തിരണ്ടിന് വനംവകുപ്പ് ഇരകളുടെ വീടിന് സമീപത്തുനിന്ന് ഒരു പാമ്പിനെ പിടികൂടിയിരുന്നു. എന്നാൽ അടുത്ത ദിവസം ഒരാളെ പാമ്പ് കടിച്ചു. ഇതോടെ പാമ്പിനെ പിടികൂടാൻ മീററ്റിൽ നിന്ന് പാമ്പാട്ടികളെ കൊണ്ടുവന്നു.
പാമ്പാട്ടികൾക്കൊപ്പം പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. 'ഇന്നലെ പാമ്പിനെ പിടികൂടിയിരുന്നു. ഇന്ന് മറ്റൊന്നിനെ കണ്ടു. എന്നാൽ അത് മതിലിനുള്ളിൽ കയറി. വനംവകുപ്പിന്റെ നാല് ടീമും പൊലീസുംനാലംഗ പാമ്പാട്ടി സംഘവുമാണ് സ്ഥലത്തുള്ളത്.'- വനംവകുപ്പ് ജീവനക്കാരനായ രംഗീർ കരൺ സിംഗ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |