പത്തനംതിട്ട: 'എനിക്ക് നല്ലൊരു കുടുംബം കിട്ടി. ഞാൻ ഇനി നന്നായിട്ട് ജീവിക്കും. ഇനി അമ്മയുണ്ട് ഏട്ടനുണ്ട് ചേച്ചിയുണ്ട്'- വിവാഹത്തിന് പിന്നാലെ അനാമിക പറഞ്ഞ വാക്കുകളാണ് ഇത്. അടൂർ തേപ്പുംപാറയിലെ ജീവമാതാ കാരുണ്യ ഭവനിലെ അന്തേവാസിയാണ് അനാമിക.
നാല് വർഷം മുമ്പാണ് അനാമിക ഇവിടെയെത്തിയത്. അതും വലിയൊരു കണ്ണുനീർ കടൽ താണ്ടിയ ശേഷം. കുട്ടിയായിരിക്കുമ്പോൾ തന്നെ അനാമികയുടെ അമ്മ മരിച്ചു. അച്ഛന് മറ്റൊരു കുടുംബമായി. അമ്മയുടെ അമ്മയായിരുന്നു അനാമികയെ നോക്കിയിരുന്നത്. എന്നാൽ അവർക്ക് വയ്യാതായപ്പോൾ ശിശുക്ഷേമ സമിതി അനാമികയെ കാരുണ്യ ഭവനിലെത്തിച്ചു. അവിടെ അവൾക്ക് സഹോദരങ്ങളെ കിട്ടി.
ഒരുദിവസം സ്‌കൂൾ വിട്ട് വന്നപ്പോൾ അനാമിക കരയുന്നത് ജീവമാതാ കാരുണ്യഭവന്റെ നടത്തിപ്പുകാരിയായ ഉദയ ഗിരിജയുടെ ശ്രദ്ധയിൽപ്പെട്ടു. കാര്യം തിരക്കിയപ്പോൾ, സഹപാഠികളുടെ മാതാപിതാക്കൾ സ്‌കൂളിൽ വരാറുണ്ടെന്നും തനിക്കാരുമില്ലെന്നും പറഞ്ഞ് സങ്കടപ്പെട്ടു. ഇതുകേട്ട ഉദയ ഗിരിജ അവളെ ചേർത്തുപിടിച്ചു. കൂടെയുണ്ടെന്ന് വാക്കുകൊടുത്തു.
വർഷങ്ങൾക്കിപ്പുറം അനാമികയെ മകൻ വിഷ്ണുവിന്റെ ഭാര്യയാക്കുകയും ചെയ്തു ഉദയഗിരിജ. ഒറ്റപ്പെട്ട ഒരു കുഞ്ഞിന് ജീവിതം കൊടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഉദയ ഗിരിജ പറയുന്നു. 'ഇവൾ മരുമോളല്ല. മോള് തന്നെയാണ്. അവൻ അവളെ നന്നായി നോക്കുമെന്ന വിശ്വാസമുണ്ട്. എന്നോട് കാണിച്ച സ്‌നേഹം കണ്ടിട്ടാ അവളെ മരുമോളാക്കിയത്.'- ഉദയ ഗിരിജ പറഞ്ഞു.
'മോനോട് അവളെക്കുറിച്ച് പറഞ്ഞപ്പോൾ വിവാഹത്തിന് സമ്മതമാണെന്ന് അവൻ പറഞ്ഞു. സിഡബ്ല്യൂസി ചെയർമാനോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. നല്ല തീരുമാനമാണെന്ന് സാറും പറഞ്ഞു. അവളോട് സംസാരിച്ചപ്പോൾ അവൾക്കും ഇഷ്ടക്കുറവൊന്നുമില്ല. സന്തോഷം കൂടിയതായി എനിക്കും തോന്നി.
അങ്ങനെ കല്യാണം നടത്തി അവളെ ഞാനിങ്ങെടുത്തു. അനാമികയുടെ അമ്മ മരിച്ചുപോയതാണ്. അതിനുമുന്നേതന്നെ അച്ഛൻ വേറൊരു ഫാമിലിയിലേക്ക് പോയി. അമ്മൂമ്മയ്ക്ക് വയ്യാതായി. ഇപ്പോൾ ഇല്ല, മരിച്ചുപോയി. ബന്ധുക്കളോടൊക്കെ ചോദിച്ചായിരുന്നു. പെൺകുട്ടിയായതിനാൽ അവർക്ക് ഏറ്റെടുക്കാൻ താത്പര്യമില്ല. അച്ഛനോട് ചോദിച്ചപ്പോൾ വേണ്ടെന്ന് എഴുതിത്തന്നു.'- ഉദയ ഗിരിജ പറഞ്ഞു. വിഷ്ണുവിന് ദുബായിലാണ് ജോലി. ഡിസംബറിൽ തിരിച്ചുപോകും. അതുകഴിഞ്ഞ് അനാമികയെ കൊണ്ടുപോകുന്നെങ്കിൽ തങ്ങൾക്കെല്ലാം സമ്മതമാണെന്ന് ഉദയഗിരിജ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |