കേരള വി.സിയുടെ ചുമതല തുടരും
തിരുവനന്തപുരം: ശനിയാഴ്ച കാലാവധി പൂർത്തിയാവുന്ന ആരോഗ്യ സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന് പുനർനിയമനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. വാഴ്സിറ്റി ചട്ടത്തിലെ 10(5) പ്രകാരമുള്ള അധികാരമുപയോഗിച്ചാണിത്.
അഞ്ചു വർഷത്തേക്കോ 70വയസ് പൂർത്തിയാവുന്നത് വരെയോ തുടരാം. വി.സി നിയമനത്തിനായി ഒക്ടോബർ അഞ്ചിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി പിൻവലിച്ച ശേഷമാണ് പുനർനിയമനം നടത്തിയത്. ഡോ.മോഹനൻ കുന്നുമ്മേൽ കേരള സർവകലാശാലാ വി.സിയുടെ ചുമതലയിൽ തുടരാനും ഗവർണർ ഉത്തരവിറക്കി. 2022ഒക്ടോബർ മുതൽ കേരള വി.സിയുടെ ചുമതലയുണ്ട്.
കേരളത്തിൽ രണ്ടാം വട്ടമാണ് വി.സിയുടെ പുനർനിയമനം. കണ്ണൂർ വി.സിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീംകോടതി ശരി വച്ചെങ്കിലും, അതിനായുള്ള സർക്കാരിന്റെ ഇടപെടൽ ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി നിയമനം റദ്ദാക്കുകയായിരുന്നു. 2019 ഒക്ടോബറിലായിരുന്നു ഡോ.മോഹനൻ കുന്നുമ്മേലിനെ ആദ്യം ആരോഗ്യ വാഴ്സിറ്റി വി.സിയായി നിയമിച്ചത്.
കണ്ണൂർ അഴീക്കോട് സ്വദേശിയായ ഡോ.മോഹനൻ കുന്നുമ്മേൽ തിരുവനന്തപുരം മോഡൽസ്കൂളിലും ആർട്സ് കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായാണ് പഠിച്ചത്. മെഡിക്കൽകോളേജ് യൂണിയൻ ചെയർമാനായിരുന്നു. നാഷണൽ മെഡിക്കൽ കമ്മിഷനംഗമാണ്. 25വർഷം തൃശൂർ മെഡി.കോളേജിൽ റേഡിയോളജി പ്രൊഫസറും വകുപ്പുമേധാവിയുമായി. തൃശൂർ, മഞ്ചേരി മെഡിക്കൽ
കോളേജ് പ്രിൻസിപ്പലായിരുന്നു. 2016ൽ സർക്കാരിന്റെ മികച്ച ഡോക്ടർക്കുള്ള അവാർഡ് നേടി. റേഡിയോളജിസ്റ്റുകളുടെ ദേശീയ സംഘടനയുടെ പ്രസിഡന്റായ ഏക മലയാളിയാണ്. രാജ്യത്തെ ആരോഗ്യവാഴ്സിറ്റി വി.സിമാരുടെ അസോസിയേഷൻ പ്രസിഡന്റാണ്. തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസറായിരുന്ന ഡോ.പാർവതിയാണ് ഭാര്യ. മകൾ ഡോ.ദുർഗാ മോഹൻ കരസേനയിൽ ഡോക്ടറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |