തൊടുപുഴ: സിനിമാ പ്രവർത്തകരെ ലോഡ്ജിൽ കയറി സംഘം ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പ്രതികളെ തൊടുപുഴ പൊലീസ് പിടികൂടി. ഒന്നാം പ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയിൽ ടി. അമൽദേവ് (32), നാലാം പ്രതി മുതലക്കോടം ഈന്തുങ്കൽ വീട്ടിൽ ജഗൻ ജോർജ് (51), എട്ടാം പ്രതി പാറക്കടവ് ഓലിക്കണ്ടത്തിൽ വിനു (43), പത്താം പ്രതി താഴ്ചയിൽ സുധീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ അമൽദേവ് ബുധനാഴ്ച വൈകിട്ടോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 13നാണ് കേസിനാസ്പദമായ സംഭവം. ബാറിലേക്ക് പിക്ക് അപ്പ് ജീപ്പിലെത്തിയ യുവാവ് വാഹനം ഒതുക്കിയിടാൻ തയ്യാറായില്ല. ഇത് മറ്റ് വാഹന ഉടമകളും അവിടെ ഉണ്ടായിരുന്നവരും ചോദ്യം ചെയ്തു. ഇതോടെ പിക്ക്അപ്പ് ജീപ്പിലെത്തിയ ആൾ വേഗത്തിൽ വാഹനം മുന്നോട്ടെടുക്കുകയും അവിടെ നിരയായി നിറുത്തിയിട്ടിരുന്ന ബൈക്കുകളിൽ തട്ടി മറിയുകയും ചെയ്തു. ഇതിൽ പ്രകോപിതരായി ബൈക്കുടമകളും സിനിമയിലെ ആർട്ട് ജീവനക്കാരും പിക്ക് അപ്പ് ഡ്രൈവറെ കൈയേറ്റം ചെയ്തു. ഇവിടെ നിന്ന് മടങ്ങിയ പിക്ക്അപ്പ് ജീപ്പിന്റെ ഡ്രൈവർ പതിനഞ്ചോളം വരുന്ന സുഹൃത്തുക്കളേയും കൂട്ടി മടങ്ങിയെത്തി സിനിമാ പ്രവർത്തകർ താമസിക്കുന്ന തൊടുപുഴ ഗവ. ബോയ്‍സ് സ്‍കൂളിനടുത്തെ ലോഡ്ജിലെത്തി അതിക്രൂരമായ അക്രമം നടത്തുകയായിരുന്നു.
പൊലീസ് പ്രതിയെ മർദ്ദിച്ചതായി പരാതി
സിനിമാ പ്രവർത്തകരെ മർദ്ദിച്ച കേസിൽ സി.ഐയ്ക്ക് മുന്നിൽ കീഴടങ്ങിയ പ്രതിയെ എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഒന്നാം പ്രതി ടി. അമൽദേവിന് കസ്റ്റഡി മർദ്ദനമേറ്റതായാണ് പരാതി. ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട അമൽദേവ് ബുധനാഴ്ച വൈകിട്ട് അഭിഭാഷകനുമൊത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി സർക്കിൾ ഇൻസ്‌പെക്ടർക്ക് മുമ്പാകെ കീഴടങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പ്രിൻസിപ്പൽ എസ്.ഐ എൻ.എസ് റോയി ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞ് അമൽദേവിനെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് അഭിഭാഷകനായ സാലു ബാഹുലേയൻ പറഞ്ഞു. തുടർന്ന് ബുധനാഴ്ച വൈകിട്ടും ഇന്നലെ രാവിലെയും ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസ് കൂടെയുണ്ടായിരുന്നതിനാൽ പേടി കാരണം ശരീരത്തിന് വേദനയുണ്ടെന്നതല്ലാതെ എസ്.ഐ മർദ്ദിച്ച വിവരം അമൽദേവ് പറഞ്ഞില്ല. തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ മർദ്ദനമേറ്റ കാര്യം അമൽദേവ് മജിസ്‌ട്രേറ്റിനോട് പറഞ്ഞു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഒരു മണിക്കൂറിലേറെ വൈകിയതെന്തിനാണെന്ന് മജിസ്ട്രേറ്റ് പൊലീസിനോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് നാലാം തീയതി വരെ റിമാൻഡ് ചെയ്ത അമൽദേവിനെ ആശുപത്രിയിലെത്തിക്കണമെന്ന് മുട്ടം സബ് ജയിലിലെ പൊലീസിന് മജിസ്‌ട്രേറ്റ് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലെത്തിച്ച് അമൽദേവിനെ വൈദ്യ പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അമൽദേവിനെ ഇന്ന് വീണ്ടുമെത്തിച്ച് ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കാണിക്കണമെന്ന് നിർദ്ദേശിച്ച ശേഷം ജയിലിലേക്ക് മടക്കി. അതേസമയം മർദ്ദിച്ചെന്ന സംഭവം അടിസ്ഥാനരഹിതമാണെന്നും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും തൊടുപുഴ സി.ഐ എസ്. മഹേഷ്‌കുമാർ പറഞ്ഞു. ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതായും ഉപജീവനമാർഗമായ കട തുറക്കരുതെന്ന് വെല്ലുവിളിക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസം ഇതേ സബ് ഇൻസ്‌പെക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |