കൽപ്പറ്റ: മാനന്തവാടിയിലെ ഇടത് മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് സത്യൻ മൊകേരി ബുധനാഴ്ച കൽപ്പറ്റയിലെത്തിയപ്പോൾ സമയം ഏറെ വൈകി. അതിരാവിലെ തുടങ്ങിയതാണ് തീർന്നപ്പോൾ അർദ്ധ രാത്രി.
സൗകര്യാർത്ഥം ഇപ്പോൾ താമസം കൽപ്പറ്റയിലെ വാടക വീട്ടിലാണ്. വെളുപ്പിന് വീട്ടിൽ നിന്നിറങ്ങി. റോഡ് ഷോ,നാമനിർദ്ദേശ പത്രിക സമർപ്പണം,എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ...ആകെ തിരക്കിന്റെ ദിവസം.
പത്രിക സമർപ്പണത്തിന് മുമ്പുളള റോഡ് ഷോയ്ക്കായി കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ ഇടത് മുന്നണി പ്രവർത്തകരെത്തിക്കഴിഞ്ഞു. എങ്ങും ആവേശം. അവർക്കിടയിൽ ഒരാൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ആനി രാജ. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്കെതിരെ മത്സരിച്ച ഇടത് മുന്നണിയുടെ ദേശീയ മുഖം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.ഇ. ഇസ്മായിൽ, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ജി.ആർ.അനിൽ എന്നിവരൊക്കെ എത്തിയിട്ടുണ്ട്. ഇടത് മുന്നണി ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ റോഡ് ഷോ ആരംഭിച്ചു.
ബുധനാഴ്ച പ്രിയങ്കാഗാന്ധിക്ക് വേണ്ടി യു.ഡി.എഫ് നടത്തിയ റോഡ് ഷോ കടന്ന് പോയ വീഥികളിലൂടെ ഇടത് മുന്നണിയുടെ റോഡ് ഷോ ഒട്ടും ആവേശം കുറയാതെ മുദ്രാവാക്യവും വാദ്യമേളങ്ങളുമായി നീങ്ങി. ആളുകളെ പേരെടുത്ത് വിളിക്കാനുളള പരിചയം സത്യൻമൊകേരിക്കുണ്ട്. പത്ത് വർഷം മുമ്പ് ഇതേ പോലൊരു റോഡ് ഷോയിലൂടെ സത്യൻമൊകേരി ഈ വീഥികളിലൂടെ കടന്ന് പോയിട്ടുണ്ട്. കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിനെ നേരിടാൻ. ഒന്നര ലക്ഷം ഭൂരിപക്ഷത്തിന്റെ തലയെടുപ്പോടെ നിന്ന ആ നേതാവിനോട് കേവലം 20,870 വോട്ടിന് പരാജയപ്പെടേണ്ടി വന്ന ഓർമ്മകൾ സത്യൻ മൊകേരിക്കും ഇടത് മുന്നണി പ്രവർത്തകർക്കുമുണ്ട്.
റോഡ് ഷോയ്ക്കിടെ അടുത്തേക്ക് മൈക്കുമായി എത്തിയ ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെയുളളവരോടായി സത്യൻ മൊകേരി പറഞ്ഞു.''ഡൽഹിയിൽ നിന്ന് വന്ന് വൈകാരിക പ്രസംഗം നടത്തിയിട്ടൊന്നും ഇവിടെ കാര്യമില്ല. ആൾക്കൂട്ടം വോട്ടാകില്ല.വൈകാരികമല്ല,രാഷ്‌ട്രീയമാണ് ഞങ്ങൾ പറയുന്നത്. ഇവിടെ നിന്ന് എം.പിയായിട്ട് ജനങ്ങളിൽ നിന്ന് ഒളിച്ചോടി.വോട്ടർമാരോട് കളളം പറഞ്ഞു.അതിനാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുന്നു.ലോകത്തെ നടുക്കിയ ഉരുൾ ദുരന്തത്തിൽ അവർക്കൊപ്പം നിന്ന് അവരുടെ കണ്ണീരൊപ്പാൻ ഇവർക്ക് കഴിഞ്ഞില്ല. ജനപ്രതിനിധിയെ കാണാൻ ജനങ്ങൾക്ക് അവകാശം നിഷേധിക്കുന്ന അവസ്ഥ. ഇനി ഉണ്ടാകരുത്. ഞാൻ ഇത്തവണ ജയിക്കും. വയനാട്ടുകാർ വിജയിപ്പിക്കും.""
11.20ന് കളക്ടറേറ്റിൽ ഇടത് മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണനോപ്പമെത്തി വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചു. പിന്നെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന വേദിയിലേക്ക്. തിങ്ങി നിറഞ്ഞ സദസ്. സി.പി.എം പി.ബി.അംഗം എ.വിജയരാഘവനായിരുന്നു ഉദ്ഘാടകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |