പാലക്കാട്: ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ ഭീഷണിയും അവഹേളനവും തരംതാഴ്‌ത്തലും സഹിക്കാൻ കഴിയാതെയാണ് സിപിഎം വിട്ടതെന്ന് മുൻ ഏരിയാ കമ്മിറ്റിയംഗം അബ്‌ദുൽ ഷുക്കൂർ. വ്യക്തിവിരോധമാണ് സംഭവങ്ങൾക്ക് പിന്നിൽ. പാലക്കാട്ടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുവെന്നും രാജിക്ക് ശേഷം ഷുക്കൂർ പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അബ്‌ദുൽ ഷുക്കൂറിന്റെ പ്രതികരണം.
പാർട്ടിയിൽ ഞാൻ ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ്. ഒരുപാടായി സഹിക്കുന്നു. പാർട്ടിക്കുള്ളിൽ ഒരു ചവിട്ടിത്താഴ്‌ത്തൽ, ജില്ലാ സെക്രട്ടറിയിൽ നിന്നുണ്ടായ പ്രകോപനം സഹിക്കാൻ പറ്റിയില്ല. പി. സരിന്റെ ബോർഡുകൾ സ്ഥാപിച്ചില്ല, ചുമരെഴുത്ത് നടത്തിയില്ല എന്നൊക്കെയാണ് കുറ്റാരോപണം. ഞാനല്ല അതൊന്നും ചെയ്യേണ്ടത്. അതാത് ബൂത്ത് സെക്രട്ടറിമാരാണ്. മുഴുവൻ കുറ്റവും എന്റെ മേൽ ചാരികൊണ്ട് പത്തുനാൽപ്പത് പേർ ഇരിക്കുന്ന യോഗത്തിൽ എന്നെ അവഹേളിച്ചു. തരംതാഴ്‌ത്തലാണത്. കുറേക്കാലമായി സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്ന പ്രകോപനമാണത്.
നാലു ദിവസം മുമ്പ് നിന്നെ കാണിച്ചു തരാം എന്ന് സെക്രട്ടറി പറഞ്ഞു. ഈ യോഗത്തിൽ വന്നിട്ട് ഇത്തരം അവഹേളനമുണ്ടാക്കി. ഇനിയും എങ്ങനെ സഹിച്ചു നിൽക്കും. അതുകൊണ്ടാണ് ഈ പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചത്. വ്യക്തിവിരോധമാണ് സംഭവങ്ങൾക്ക് പിന്നിൽ. ഭീഷണിയുടെ സ്വരമാണ് ജില്ലാ സെക്രട്ടറിക്ക്. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയതയുണ്ട്. പാർട്ടിയിൽ നിന്ന് പുറത്തുപോവുക എന്നത് വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും, മറ്റുള്ള സാദ്ധ്യതകൾ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അബ്‌ദുൽ ഷുക്കൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |