കൊൽക്കത്ത: പശ്ചിമ ബംഗാൾ പോലീസ് സേനയിൽ സിവിക് വോളണ്ടിയർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സർക്കാരിനെതിരെ നടത്തിയ നിർണായക നിരീക്ഷണങ്ങളുടെ ചുവടുപിടിച്ച്, ഗവർണർ ഡോ. സി.വി ആനന്ദ ബോസ്, സർക്കാർ നടപടികളിൽ മുഖ്യമന്ത്രി മമത ബാനർജിയെ കടുത്ത അതൃപ്തി അറിയിച്ചു.
2021 മുതൽ സംസ്ഥാന സർക്കാർ നിയോഗിച്ച മൊത്തം സിവിക് വോളണ്ടിയർമാരുടെ എണ്ണം, അവർക്ക് നൽകിയ ആകെ തുക, സിവിൽ വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമപരമായ അധികാരം, അനുമതി, അത്തരം റിക്രൂട്ട്‌മെന്റ് നടത്തിയതു സംബന്ധിച്ച സർക്കാർ ഉത്തരവുകൾ, റിക്രൂട്ട്‌മെന്റ് നിയമങ്ങൾ, വിന്യാസത്തിന് മുമ്പ് അവർക്ക് പരിശീലനം നൽകുന്ന സംവിധാനം , സിവിക് വോളണ്ടിയർമാരെ നിയമിക്കുന്ന വകുപ്പുകൾ, ജോലിയുടെ കാലാവധി, സംസ്ഥാന സർക്കാർ വകുപ്പുകളിലെ ആകെ അനുവദിച്ച തസ്തികകളുടെയും ഒഴിവുകളുടെയും എണ്ണം, ഓപ്പൺ റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന മൊത്തം സർക്കാർ ജീവനക്കാരുടെ എണ്ണം, സ്ഥിരം ജീവനക്കാരുടെ തസ്തികകൾ നികത്താത്തതിന്റെ കാരണം എന്നിങ്ങനെ പന്ത്രണ്ടു കാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയുടെ വിശദീകരണം തേടുകയും ചെയ്തു.
അടുത്തിടെ, ആർ.ജി.കാർ മെഡിക്കൽ കോളേജിൽ.ഒരു ജൂനിയർ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യത്തിലെ 'ഏക പ്രധാന പ്രതി' സഞ്ജയ് റോയ് അത്തരമൊരു സിവിക് വോളന്റിയറായിരുന്നു എന്ന് കണ്ടത്തിയിരുന്നു.
സിവിക് വോളന്റിയർമാരെ റിക്രൂട്ട് ചെയ്യുന്ന സമ്പ്രദായത്തിലെ പാളിച്ചകൾ സംബന്ധിച്ച നിരവധി ആക്ഷേപങ്ങൾ കത്തിൽ ഗവർണർ എടുത്തുകാണിച്ചിട്ടുണ്ട്. നിയമനത്തിന്റെ നിയമസാധുത, ശരിയായ പരിശോധനകളില്ലാതെ നടത്തുന്ന റിക്രൂട്ട്‌മെന്റ്, രാഷ്ട്രീയ സ്വാധീനം, അപര്യാപ്തമായ പരിശീലനം, പരിമിതമായ ഉത്തരവാദിത്തമില്ലായ്മ, ദുരുപയോഗസാധ്യതകൾ, യോഗ്യത സംബന്ധിച്ച അവ്യക്തത, സുതാര്യതയുടെ അഭാവം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സിവിക് വോളന്റിയർമാർ രാഷ്ട്രീയ നിയന്ത്രണത്തിലാണെന്നും പക്ഷപാതപരമായാണ് അവർ പ്രവർത്തിക്കുന്നതെന്നും ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ കുറച്ചുകാലമായി ആക്ഷേപമുയർത്തിയിരുന്നു. ആർജി കർ ബലാത്സംഗ കൊലപാതക ദുരന്തം സംസ്ഥാനസർക്കാർ കൈകാര്യം ചെയ്ത രീതിയെ ഗവർണർ തുടക്കം മുതൽ നിശിതമായി വിമർശിച്ചിരുന്നുകേസ് സിബിഐക്ക് കൈമാറുന്നതിന് മുമ്പ് കൊൽക്കത്ത പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ അപാകതകളും മാതാപിതാക്കളുടെ ആഗ്രഹം അവഗണിച്ച് മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ചത് സംബന്ധിച്ച പരാതികളും ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |