കൊച്ചി: ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് ഹൈക്കോടതി. കടലിൽ ജീവിക്കുന്ന തിമിംഗിലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനേയും പിടിച്ചുകൊണ്ടു വരുമായിരുന്നെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു. ആന എഴുന്നള്ളിപ്പിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കാലുകൾ ചേർത്തുകെട്ടി അനങ്ങാനാവാതെ നിൽക്കുന്ന ആനകളുടെ അവസ്ഥ ആലോചിക്കണം. മനുഷ്യനാണെങ്കിൽ അഞ്ചുമിനിറ്റ് നിൽക്കുമോ. ഇതൊന്നും ആചാരമല്ലെന്ന് കോടതി പറഞ്ഞു. മൂകാംബിക ശക്തിപീഠമാണ്. അവിടെ ആനയില്ല, ഭക്തർ വലിക്കുന്ന രഥമേയുള്ളൂ. അമ്പലക്കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നിൽ. ഉത്സവക്കമ്മിറ്റി പ്രസിഡന്റാക്കിയാൽ ഏറ്റവും വലിയ ആനയെ കൊണ്ടുവരും എന്നാണ് പറയുന്നത്.
എറണാകുളം ക്ഷേത്രത്തിൽ കഴിഞ്ഞ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാൻ 54 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വളഞ്ഞമ്പലം ക്ഷേത്രത്തിൽ നിന്നുതിരിയാൽ സ്ഥലമില്ല. അവിടെ മൂന്ന് ആനയാണ് ഉത്സവത്തിനെത്തിയത്. ആനയെ എഴുന്നള്ളിക്കുന്നതിന് സമയനിയന്ത്രണം വേണം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് എഴുന്നള്ളിക്കുന്നത്. ഇതിന് പുതിയ ചട്ടങ്ങൾ സംബന്ധിച്ച് ഉത്തരവിടും. എഴുന്നള്ളത്തിനുള്ള ആനകളുടെ എണ്ണം കുറയ്ക്കണം. ആന എഴുന്നള്ളത്തിന് ലക്ഷങ്ങൾ ചെലവിടുന്നവർ അതിനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |