കൊച്ചി: സ്വന്തം മൈതാനത്ത്് ആർത്തലയ്ക്കുന്ന ആരാധകരുടെ മുന്നിൽ ചിരവൈരികളായ ബംഗളൂരു എഫ്.സിയെ തകർക്കാനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബംഗളൂരു, ബ്ലാസ്റ്രിനിറങ്ങിയ ബ്ലാസ്റ്രേഴ്സിന്റെ ഫ്യൂസൂരിയത്.
രണ്ടു ഗോളുകൾ നേടിയ അന്റോണിയോ എഡ്ഗാർ മെൻഡസാണ് ബംഗളൂരുവിന്റെ വിജയശില്പി.മുൻ കേരളാ ബ്ലാസ്റ്റേഴ്സ് താരം ജോർഗെ പെരേര ഡിയാസിലൂടെ 8-ാം മിനിട്ടിൽ ബംഗളൂരു ലീഡെടുത്തിരുന്നു. ജീസസ് ജിമെനസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.പൊരുതിക്കളിച്ച ബ്ളാസ്റ്റേഴ്സിന് രണ്ടാംപകുതിയിൽ നിരവധി അവസരങ്ങൾ തലനാരിഴയ്ക്ക് നഷ്ടമായി. ഗോളിനായി സന്ദീപ് സിംഗും ലൂണയും ഹോർമിപാമും ജിമെനസും പെരുതിയെങ്കിലും ബംഗളൂരുവിന്റെ പ്രതിരോധം മറികടക്കാനായില്ല.
കളിയുടെ എട്ടാം മിനിറ്റിൽ ബ്ളാസ്റ്റേഴ്സിനെ ഞെട്ടിച്ചാണ് ബംഗളൂരു ആദ്യഗോൾ നേടിയത്. ബ്ളാസ്റ്റേഴ്സിന്റെ പ്രീതം കോട്ടാലിൽ നിന്ന് ലഭിച്ച പന്താണ് പെരേര ഡിയാസ് ഗോളാക്കിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് പെനാൽറ്റിയിലൂടെബ്ളാസ്റ്റേഴ്സ് സമനില പിടിച്ചു. പന്തുമായി കുതിച്ച പെപ്രെയെ ബംഗളൂരുവിന്റെ ബേക്കെ പിന്നിൽ നിന്ന് വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിച്ചത്. ജിമെനസ് പെനാൽറ്റി കിക്ക് കൃത്യമായി വലയിലെത്തിച്ചു. രണ്ടാംപകുതിയിൽ പകരക്കാരനായിറങ്ങിയ അന്റോണിയോ എഡ്ഗാർ മെൻഡസ് 74-ാം മിനിട്ടിൽ ബംഗളൂരുവിന് രണ്ടാം ഗോൾ നേടിക്കൊടുത്തു. നൗഗ്വേര അടിച്ച ഫ്രീ കിക്ക് ബ്ളാസ്റ്റേഴ്സ് ഗോൾ കീപ്പർ സോംകുമാർ തടഞ്ഞെങ്കിലും കൈയിൽ തട്ടി വീണ പന്ത് കുതിച്ചെത്തിയ അന്റോണിയോ വലയിലാക്കി. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മെൻഡസ് മൂന്നാമത്തെ ഗോളും ബംഗളൂരുവിന് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |