തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്ട് പുതിയതായി വാങ്ങിയ എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകളുടെ പ്രവർത്തനം വിലയിരുത്താൻ മന്ത്രി കെബി ഗണേശ്കുമാർ കുടുംബസമേതമാണ് എത്തിയത്. തമ്പാനൂരിൽ നിന്ന് ഇന്നലെ രാവിലെ എട്ടിന് പുറപ്പെട്ട ബസിലാണ് മന്ത്രിയും കുടുംബവും യാത്രക്കാരായത്. അദ്ദേഹത്തിനൊപ്പം ഭാര്യ ബിന്ദുവും കെഎസ്ആർടിസി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഭാര്യയ്‌ക്കൊപ്പം ആദ്യമായിട്ടാണ് ഗണേശ്കുമാറിന്റെ കെഎസ്ആർടിസി ബസ് യാത്ര.
ബസിൽ കയറുന്നതിന് മുമ്പ് കണ്ടക്ടറുടെ കയ്യിൽ നിന്ന് നാല് പേരുടെ ടിക്കറ്റെടുത്തു. നാല് പേർക്ക് കൊട്ടാരക്കര വരെയുള്ള യാത്രയ്ക്ക് 545 രൂപയാണ് മന്ത്രി നൽകിയത്. മന്ത്രിക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ ഫ്രീ പാസുണ്ടെന്നും എന്നാലും ടിക്കറ്റെടുക്കുകയാണെന്ന് മന്ത്രി ഗണേശ് കുമാർ പറഞ്ഞു. ടിക്കറ്റെടുത്ത അദ്ദേഹവും കുടുംബവും കൊട്ടാരക്കര വരെ യാത്ര ചെയ്തു. ബസിന്റെ പ്രവർത്തനം വിലയിരുത്താനും യാത്രക്കാരുടെ അഭിപ്രായം അറിയാനുമാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു.
സീറ്റ് ബെൽറ്റ്, വൈഫൈ എന്നിവ ഉയോഗിക്കുന്നത് യാത്രക്കാരെ പരിചയപ്പെടുത്താൻ ബസിൽ വീഡിയോ പ്രദർശിപ്പിക്കും. ഓരോ ദിവസം കഴിയുമ്പോഴും വരുമാനം കൂടുന്നുണ്ട്. ബസ് കൃത്യമായി വൃത്തിയാക്കണമെന്ന് നിർദ്ദേശം നൽകി. വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാർക്കായി കൂടുതൽ ലഗേജ് വയ്ക്കാൻ സൗകര്യമുള്ള ബസുകൾ വാങ്ങുന്നത് പരിഗണനയിലുണ്ടെന്നും ഓൺലൈനിൽ ടിക്കറ്റെടുക്കാനുള്ള സജ്ജീകരണമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |