കോട്ടയം: കടനാട് കാവുംകണ്ടത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടനാട് കണങ്കൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള കുടുംബമായിരുന്നു ഇവരുടേതെന്ന് നാട്ടുകാർ പറയുന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഏക മകൻ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് ജനിച്ച മകനായിരുന്നു ഇത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. 11.30 ന് തൊടുപുഴയിൽ താമസിക്കുന്ന മൂത്ത സഹോദരൻ സെബാസ്റ്റ്യനെ റോയ് ഫോൺ വിളിച്ചിരുന്നു. താൻ മരിക്കാൻ പോകുകയാണെന്ന് റോയി സഹോദരനോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. തുടർന്ന് സഹോദരൻ റോയിയുടെ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അവർ ചെന്ന് നോക്കുമ്പൊഴേക്ക് ഇരുവരും മരിച്ചിരുന്നു.
റോയിയെ തൂങ്ങിയ നിലയിലും, ജാൻസിയുടെ മൃതദേഹം നിലത്ത് കമഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാംഗമാണ് ജാൻസി. പാലാ ഡിവൈ.എസ്.പി കെ. സദന്റെ നേതൃത്വത്തിൽ പൊലീസും, സയന്റിഫിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലരയ്ക്ക് കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ നടക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |