ശിവഗിരി : ശ്രീനാരായണഗുരുവിന്റെ സന്ദർശന സമൃതി ഉണർത്തി, സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി ജില്ലയായ കാസർകോട്ട് ശിവഗിരിമഠത്തിന്റെ പ്രഥമശാഖാ ആശ്രമം നവംബർ മൂന്നിന് സമർപ്പിക്കും. ബങ്കളത്താണ് ആശ്രമം പ്രവർത്തിക്കുക. ഇവിടം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ശ്രീനാരായണ സ്റ്റഡി സർക്കിൾ പിന്നീട് ശിവഗിരിമഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചരണ സഭയിൽ ചേർന്നു പ്രവർത്തിച്ചു പോന്നു. സ്റ്റഡി സർക്കിളുണ്ടായിരുന്ന കെട്ടിടത്തിനു പകരം ഗുരുധർമ്മ പ്രചരണ സഭ പ്രാർത്ഥനാ മന്ദിരം പണികഴിപ്പിച്ചു. ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠർ ഇവിടെയെത്തി പ്രഭാഷണങ്ങളും പഠനക്ലാസുകളും പ്രാർത്ഥനാ യോഗങ്ങളും നടത്തി വന്നിരുന്നു. മുൻ എം. എൽ. എ എം. നാരായണനും ശിവഗിരി കാര്യത്തിൽ സജീവമായി സഹകരിച്ചു വരുന്നു.
ശിവഗിരി മഠം ഭരണസമിതി കാസർകോട് ജില്ലയ്ക്കായി ആശ്രമം എന്ന തീരുമാനം കൈക്കൊണ്ട് മഠത്തിലെ യുവസന്യാസി സ്വാമി സുരേശ്വരാനന്ദയെ ആശ്രമമഠം സെക്രട്ടറിയായി നിയോഗിച്ചു. വിവിധഘട്ടങ്ങളിലായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ , ട്രസ്റ്റ് ബോർഡംഗം സ്വാമി വിശാലാനന്ദ എന്നിവരൊക്കെ കാസർകോട്ടെത്തിയിരുന്നു.
തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രത്തിലെത്തിയ ശേഷം മംഗലാപുരത്തേക്കുളള യാത്രാവേളയിൽ ഗുരുദേവൻ കാസർകോട് പലഭാഗത്തും എത്തുകയുണ്ടായി. കാസർകോട് ആരോഗ്യ വകുപ്പിന്റെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പർണ്ണകുടീരത്തിലായിരുന്നു ഗുരു വിശ്രമിച്ചിരുന്നത്. നാട്ടുകാരെ സാക്ഷി നിറുത്തി സമീപത്തു തന്നെ ഗുരുദേവൻ സുബ്രഹ്മണ്യ സ്വാമിയുടെ ചിത്രം പ്രതിഷ്ഠിച്ചു നല്‍കി. മേഖലയിലെ പ്രസിദ്ധമായ പാലക്കുന്നു ഭഗവതിക്ഷേത്രത്തിൽ എത്തിയ ഗുരുദേവൻ നാട്ടിൽ നിലനിന്നിരുന്ന കോഴി, ആട് ബലിവഴിപാട് ഒഴിവാക്കണമെന്നും ഉപദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |