പാലക്കാട്: മണ്ഡലത്തിൽ എൽ.ഡി.എഫിനേയും കോൺഗ്രസിനേയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കത്ത് വിവാദം. സ്ഥാനാർത്ഥി നിർണയത്തിനായി ഡി.സി.സി നേതൃത്വം ഹൈക്കമാൻഡിന് നൽകിയ കത്തും, എൽ.ഡി.എഫിനെതിരേ ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പുറത്തു വിട്ട കത്തുമാണ് ഇരുപാർട്ടികളെയും വെട്ടിലാക്കിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഡി.സി.സി പ്രസിഡന്റ് ഹൈക്കമാൻഡിന് നൽകിയ കത്തിൽ പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് എ.ഐ.സി.സി നേതൃത്വത്തിന് നൽകിയ കത്താണിത്. ഇതോടെ യു.ഡി.എഫ് ക്യാമ്പ് പ്രതിരോധത്തിലായി. കത്ത് പുറത്തുവന്നതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.
രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ എം.പിയുമടങ്ങുന്ന കോക്കസ് പ്രവർത്തിച്ചുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. കോൺഗ്രസ് വിട്ട പി.സരിനും എ.കെ.ഷാനിബുമടക്കം ഇക്കാര്യങ്ങൾ ആരോപിച്ചിരുന്നു.
ലെറ്റർ ബോംബ് നിർവീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്റെ വിജയം തടയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. യു.ഡി.എഫ് ക്യാമ്പിന് കത്ത് യാതൊരു വിധത്തിലുള്ള അലോസരവും ഉണ്ടാക്കുന്നില്ല. അതേസമയം, കത്തിൽ ഇനി ചർച്ചയൊന്നും വേണ്ടെന്നാണ് കെ.മുരളീധരൻ വ്യക്തമാക്കിയത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ മറ്റെല്ലാം അപ്രസക്തമാണ് എന്നായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.
കത്ത് സി.പി.എമ്മിന്റെ സൃഷ്ടിയാണെന്ന് വിശദീകരിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. കത്ത് സി.പി.എം ഉണ്ടാക്കിയതാണെന്നും കത്തിൽ ഡി.സി.സി പ്രസിഡന്റിന്റെ ഒപ്പില്ലെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പ്രതികരിച്ചു.
ആയുധമാക്കി സി.പി.എം
കത്ത് വിഷയം സി.പി.എമ്മും ഏറ്റെടുത്തു. കെ.മുരളീധരനെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ വി.ഡി.സതീശനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. ഷാഫി പറമ്പിലും വി.ഡി.സതീശനും ചേർന്നാണ് ഡി.സി.സിയുടെ ആവശ്യം തള്ളിയതെന്നും അദ്ദേഹം ആരോപിച്ചു.ബി.ജെ.പിക്ക് വേണ്ടി കോൺഗ്രസ് താത്പര്യങ്ങൾ ചിലർ ബലികഴിച്ചുവെന്ന് മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു.
കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകം.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പായി പല അഭിപ്രായങ്ങളും ഉയർന്നുവരും.അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം തീരുമാനം എടുക്കുന്നത്.
-കെ. സുധാകരൻ,കെ.പി.സി.സി പ്രസിഡന്റ്
കെ. മുരളീധരന്റെ പേരു നിർദ്ദേശിച്ച് ഡി.സി.സി കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ തെറ്റൊന്നുമില്ല.കത്തുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ല. കെ.മുരളീധരൻ ഉൾപ്പെടെ യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രചാരണത്തിലാണ്.
-രമേശ് ചെന്നിത്തല
കോൺഗ്രസ് നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |