ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത് എക്‌സ്. ശനിയാഴ്‌ച ഇസ്രയേൽ ആക്രമണമുണ്ടായതിന് പിന്നാലെ ഖമനേയി ഹിബ്രു അക്കൗണ്ടിൽ പ്രതികരിച്ചതോടെയാണ് എക്‌സ് നടപടി. ഖമനേയി ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
'സയണിസ്‌റ്റ് ഭരണകൂടം ഒരു തെറ്റുചെയ്‌തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇറാനിയൻ ഭരണകൂടത്തിന്റെ ശക്തിയും കഴിവും മേൽക്കൈയും ഞങ്ങൾ മനസ്സിലാക്കി കൊടുക്കും.' എന്നായിരുന്നു ഹിബ്രു ഭാഷയിലെ അക്കൗണ്ടിൽ ഖമനേയി കുറിച്ചത്. ഈ തിരിച്ചടി സൂചനാ സന്ദേശത്തിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തത്. ഇസ്രയേലിലെ ഔദ്യോഗിക ഭാഷയാണ് ഹിബ്രു.
ഇതിനിടെ അയത്തൊള്ള അലി ഖമനേയി (85) ഗുരുതര നിലയിലാണെന്നും അദ്ദേഹം മരിച്ചെന്നും പ്രചാരണമുണ്ട്. രണ്ടാമത്തെ മകൻ സയ്യദ് മൊജ്‌തബാ ഹുസൈനി ഖമനേയിയെ ( 55) പിൻഗാമിയായി ഇറാൻ സൈന്യം പ്രഖ്യാപിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഖമനേയി ഗുരുതര രോഗ ബാധിതനാണെന്നാണ് റിപ്പോർട്ട്. ഖമനേയിയെയും ഇസ്രയേൽ വധിക്കുമെന്ന ഭീതിയിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായ അയത്തൊള്ള റൂഹൊള്ള ഖമനേയിയുടെ മരണത്തെ തുടർന്ന് 1989ലാണ് അലി ഹോസൈനി ഖമനേയി പദവിയിൽ എത്തിയത്. ഇസ്ലാമിക വിപ്ലവത്തിൽ ഖമനേയിയോടൊപ്പം നിർണായക പങ്കാളിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |