കൽപ്പറ്റ: രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭ മണ്ഡലം സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധി. രാജ്യത്ത് ഭയവും വിദ്വേഷവും പടർത്തുന്നത് എങ്ങനെയാണെന്ന് അറിയാമെന്നും ബിജെപി ഭരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം നടക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട് ലോക്സഭ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
'പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്തുക്കൾക്ക് വേണ്ടി നയങ്ങൾ മാറ്റുകയാണ്. കർഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണ്'- പ്രിയങ്ക പറഞ്ഞു. വയനാടിനെ പ്രതിനിധീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താൻ മാറുകയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ജനപ്രതിനിധിയായി തിരഞ്ഞെടുത്താൽ അതെനിക്ക് കിട്ടുന്ന ഏറ്റവും വലിയ ആദരവായി മാറുമെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിൽ പ്രിയങ്ക യുഡിഎഫ് സ്ഥാനാർത്ഥിയായ ശേഷമുള്ള ആദ്യത്തെ പൊതുയോഗമായിരുന്നു മീനങ്ങാടിയിലേത്. വയനാട്ടിലെ വോട്ടറായ 73കാരി ത്രേസ്യാമ്മെ കണ്ട സന്തോഷവും പ്രിയങ്ക പങ്കുവച്ചു. ത്രേസ്യാമ്മയെ കെട്ടിപ്പിടിച്ചപ്പോൾ സ്വന്തം അമ്മ കെട്ടിപ്പിടിച്ചത് പോലെയാണ് തോന്നിയതെന്നും പ്രിയങ്ക പറഞ്ഞു. 'വയനാട്ടിലേക്ക് കാലെടുത്ത് വച്ചപ്പോൾ തന്നെ എനിക്ക് ഒരു അമ്മയെ തന്നു. ത്രേസ്യാമ്മ കൊന്ത തന്നപ്പോൾ 19 വയസിൽ സംഭവിച്ച ഒരു കാര്യം ഓർമ്മ വന്നു. എന്റെ പിതാവ് മരണപ്പെട്ടപ്പോൾ മദർ തേരേസ എന്നെ കാണാൻ വന്നു. അവർ എന്റെ തലയിൽ കൈ വച്ചു. ത്രേസ്യ കൊന്ത നൽകിയ പോലെ അവർ എനിക്ക് കൊന്ത തന്നു. അന്ന് മദർ തെരേസ അവരുടെ കൂടെ ചെന്ന് പ്രവർത്തിക്കാൻ പറഞ്ഞു'- പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |