ബംഗളൂരു: കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു. 98 വയസായിരുന്നു. ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്രസർക്കാരിന്റെ ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് വലിയ രീതിയിൽ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്.
1977 നവംബർ 28നാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായത്. 1986ൽ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടർന്നിരുന്നു. 2012ൽ 86ാം വയസിലായിരുന്നു പുട്ടസ്വാമി കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാറിനെതിരെ നിയമപോരാട്ടം നടത്തിയത്. നിയമനിർമാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയ പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം. ഇതിനെത്തുടർന്നാണ് സുപ്രീം കോടതി സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വിഭാഗത്തിൽപ്പെടുമെന്ന സുപ്രധാന നിരീക്ഷണം നടത്തിയത്. എന്നാൽ പദ്ധതി റദ്ദാക്കാൻ കോടതി വിസമ്മതിച്ചിരുന്നു.
1926 ഫെബ്രുവരിയിൽ ബംഗളൂരുവിന് സമീപമുള്ള ഗ്രാമത്തിലാണ് പുട്ടസ്വാമി ജനിച്ചത്. മൈസൂരു മഹാരാജാസ് കോളേജ്, ബംഗളൂരു ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1952ൽ അഭിഭാഷകനായി എൻറോൾ ചെയ്തതിനുശേഷം ഹൈക്കോടതിയിൽ സർക്കാരിന്റെ അറ്റോർണി ജനറലായിരുന്നു.
1986ൽ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ വൈസ് ചെയർമാനായി നിയമിതനായി. പിന്നീട് ഹൈദരാബാദിൽ ആന്ധ്രാപ്രദേശ് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി നിയമിതനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |