തൃശൂർ : പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ല എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ. സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ്. റൗണ്ട് വരെ വന്നത് തന്റെ കാറിലാണ്. ഇതാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും അനീഷ് കുമാർ പറഞ്ഞു. തിരുവമ്പാടി ദേവസ്വം ഓഫീസിന് സമീപം സുരേഷ് ഗോപി എത്തുന്നത് തടയാൻ പൊലീസ് പരമാവധി ശ്രമിച്ചു. മറ്റുവാഹനങ്ങൾ കടത്തി വിടാത്തത് കൊണ്ടാണ് സേവാഭാരതി ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതെന്നും അനീഷ് കുമാർ പ്രതികരിച്ചു.
പൂരനഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ ചേലക്കരയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞത്. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയിട്ടില്ല. സ്ഥലത്ത് എത്തിയത് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്റെ കാറിലാണ്. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് പോയത്. പൂരം കലക്കൽ പൊലീസ് അന്വേഷിച്ചാൽ തെളിയില്ല. കെ സുരേന്ദ്രൻ പറയുന്നതുപോലെ താൻ പൂരപ്പറമ്പിൽ എത്തിയത് ആംബുലൻസിലല്ല', - സുരേഷ് ഗോപി വ്യക്തമാക്കി.പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |