കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തത്തിന് പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന പിപി ദിവ്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാത്രി രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് ദിവ്യ ചികിത്സ തേടിയത്. എന്നാൽ, ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അര മണിക്കൂറോളം ദിവ്യ ആശുപത്രിയിൽ ഉണ്ടായിരുന്നു. ആശുപത്രിക്ക് സമീപം ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നാണ് വിവരം. പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്നാണ് തലശേരി ജില്ലാ സെഷൻസ് കോടതി വിധി പറയുക. കോടതി ജാമ്യാപേക്ഷ തള്ളിയാൽ ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങുമെന്നാണ് സൂചന.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ അന്വേഷണ സംഘം ഫലപ്രദമായി നടപടി എടുത്തിട്ടില്ല. വിധി ദിവ്യയ്‌ക്കും അന്വേഷണ സംഘത്തിനും നിർണായകമാണ്. ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടി വരും. അല്ലെങ്കിൽ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലോ ഹാജരായി ജാമ്യമെടുക്കേണ്ടി വരും.
സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം നൽകുകയാണെങ്കിൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകേണ്ടി വരും. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി സിപിഎമ്മും ഉറ്റുനോക്കുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻതന്നെ ദിവ്യയ്‌ക്കെതിരെ പാർട്ടി നടപടിയുണ്ടായേക്കും. ജഡ്‌ജി കെ ടി നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ വിധി പറയുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |